എസ്‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ സംഘടന; ലക്‍ഷ്യം പിന്നോക്ക സമുദായങ്ങളുടെ രാഷ്ടീയ ഏകീകരണം

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2014 (18:51 IST)
PRO
PRO
എസ്എന്‍ഡിപി യോഗം ഉള്‍പ്പെടെ 21 പിന്നോക്ക സമുദായ സംഘടനകള്‍ ചേര്‍ന്നു കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ചു. പിന്നോക്ക സമുദായങ്ങളുടെ രാഷ്ടീയ ഏകീകരണമാണ് ലക്‍ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി‍. ശബ്ദമുയര്‍ത്താന്‍ കഴിയാത്തതുകൊണ്ട് പിന്നാക്ക സമുദായങ്ങള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെന്നും അതിനുവേണ്ടി രാഷ്ട്രീയശക്തിയായി ഉയരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം അജണ്ടയിലില്ല. പിന്നീട് അതുണ്ടാകില്ലെന്നു പറയാനാകില്ല. പീപ്പിള്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. എന്‍എസ്എസിനു സമദൂരം എന്നു പറയുമ്പോഴും അതിനകത്തൊരു ദൂരമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചിട്ടില്ല. സംഘടന ഒരു മുന്നണിയുടെയും ഭാഗമല്ല. സമുദായ സംഘടനകളുമായി ആലോചിച്ചു ദേവസ്വം ബില്ല് പാസാക്കുമെന്ന മന്ത്രിയുടെ ഉറപ്പു നടപ്പായില്ല. സമുദായങ്ങളെ തമ്മില്‍ തല്ലിക്കാനാണു സര്‍ക്കാര്‍ ഇപ്പോഴത്തെ ബില്ല് പാസാക്കിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നരേന്ദ്രമോഡിയുമായി വേദി പങ്കിട്ടതിനെ പിണറായി വിജയന്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിനു താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയല്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. നികൃഷ്ട ജീവിയെന്നു വിളിച്ചയാളുടെ വീട്ടില്‍ പിണറായി വിജയന്‍ പോയല്ലോ. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയെങ്കിലും കോണ്‍ഗ്രസില്‍ പ്രസിഡന്റ് എന്നത് അവസാന വാക്കല്ലെന്നും കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയുടെ അധികാരം കെപിസിസി പ്രസിഡന്റിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.