എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണം: കേന്ദ്രം

Webdunia
ചൊവ്വ, 24 ജൂലൈ 2012 (11:45 IST)
PRO
PRO
രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളവും കര്‍ണാടകയും ഒഴികയുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കണമെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര കൃഷിമന്ത്രാലയം മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്‌ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌. 1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ്‌ ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്‌. ഇത്‌ കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 4071 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ അസംസ്കൃതവസ്തുക്കള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്.

ഏറെക്കാലത്തെ നിയമ യുദ്ധത്തിന് ശേഷം സുപ്രീംകോടതി എന്‍ഡോസള്‍ഫാന് രാജ്യത്ത് പൂര്‍ണ നിരോധനം എര്‍പ്പെടുത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയിലാണ് കോടതി എന്‍ഡോസള്‍ഫാന് നിരോ‍ധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിര‌ുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ എതിര്‍സത്യാവാങ്മൂലം സമര്‍പ്പിച്ചിര‌ുന്നു. കയറ്റുമതി അനുവദിക്കരുതെന്നും ഇന്ത്യയില്‍ ണ്ടായ പോലുള്ള ദുരന്തം ലോകത്ത് മറ്റൊര‌ുസ്ഥലത്ത് ഉണ്ടാകരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ഡി വൈ എഫ് ഐ വാദിച്ചത്.

എന്നാല്‍ കോടതി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കുകയായിര‌ുന്നു. എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുകചെലവാകുമെന്നും. ഇതിന് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ലന്നും, രാജ്യത്ത് ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതിചെയ്യാവുന്നതാണെന്നും സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിര‌ുന്നു.