എട്ടാം ക്ലാസുകാരന് സ്കൂളില്‍ വെടിയേറ്റു

Webdunia
ബുധന്‍, 28 ജൂലൈ 2010 (16:13 IST)
ഇന്ത്യന്‍ സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ തോക്കെടുക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിയല്‍ നല്‍കുന്ന സംഭവത്തിന് രാജ്യതലസ്ഥാനം ഇന്ന് സാക്‍ഷ്യം വഹിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു എട്ടാം ക്ലാസുകാരന് വെടിയേറ്റു.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലുള്ള വീര്‍ ചന്ദ്ര ഗര്‍വാള്‍ പബ്ലിക് സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റം വെടിവയ്പില്‍ കലാശിച്ചത്.

പ്ലേ ഗ്രൌണ്ടില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഗൌരവ് എന്ന എട്ടാം ക്ലാസുകാരനെ വെടിവച്ചത്. 0.22 ബോര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഗൌരവിന്റെ തോളില്‍ നിസ്സാര പരുക്ക് പറ്റി.

വെടിവച്ച വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.