എടിഎം ആക്രമണം: യുവതിയുടെ മൊബൈല്‍ ആന്ധ്രയില്‍ നിന്ന് കണ്ടെടുത്തു
വ്യാഴം, 21 നവംബര്‍ 2013 (11:49 IST)
PRO
ബാംഗ്ലൂരില്‍ എടിഎമ്മിനുള്ളില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ആന്ധ്രാപ്രദേശിലേക്ക് കടന്നതായി സൂചന. യുവതിയില്‍ നിന്നും അക്രമി തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്നു പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ട്.
അക്രമിയില്‍ നിന്നും ഫോണ്‍ വാങ്ങിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. കുടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കര്‍ണാടകയിലേക്ക് കൊണ്ടുവരും.
ആക്രമണത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മലയാളി ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതിചൊവ്വാഴ്ച പുലര്‍ച്ചെയാണ് എടിമ്മിനുള്ളില്‍ ആക്രമണത്തിന് ഇരയായത്.
ബാങ്ക് മാനേജരായ യുവതിയെ എടിഎം കൗണ്ടറിനുള്ളില്‍ വടിവാളു കൊണ്ട് വെട്ടി പണവും ആഭരണങ്ങളും കവരുകയായിരുന്നു. ബാംഗ്ലൂര്‍ നഗരഹൃദയത്തിലെ കോര്‍പറേഷന്‍ സര്‍ക്കിളില്‍ ഇന്നലെയാണു സംഭവം.
കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഇവരുടെ പിന്നാലെ അകത്തുകയറിയ അക്രമി ഷട്ടര്‍ താഴ്ത്തി വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ജ്യോതി. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍ നായരുടെയും ഉഡുപ്പി സ്വദേശിനിയുടെയും മകളായ ജ്യോതി 20 കൊല്ലമായി കോര്‍പറേഷന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതി കൗണ്ടറില്‍ പ്രവേശിച്ചതും അക്രമി അതിക്രമിച്ചു കയറുകയായിരുന്നു. ബഹളംവയ്ക്കാന്‍ കഴിയുംമുന്‍പേ ഷട്ടര്‍ താഴ്ത്തി. ഭയന്നു വിറച്ച യുവതിക്കു സമീപമിരുന്ന അക്രമി കൈവശമുള്ള ബാഗ് തുറന്ന് ശാന്തനായി ആദ്യം ഒരു തോക്കും പിന്നാലെ വടിവാളും പുറത്തെടുത്തു.
വടിവാള്‍ ചൂണ്ടി പണമെടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദിച്ചു. പിനീട് അക്രമി യുവതിയെ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലുമായി മൂന്നു വെട്ടേറ്റ യുവതി ബോധം നഷ്ടപ്പെട്ട് എടിഎം മെഷീനില്‍ ചാരി ഇരുന്നു.
യുവതിയുടെ സ്വര്‍ണമാലയും വളയുമെല്ലാം അഴിച്ചെടുത്തു. തുടര്‍ന്നു ഷട്ടര്‍ തുറന്ന് പുറത്തിറങ്ങി. തൊട്ടുപിന്നാലെ കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ ആളാണു ചോരയില്‍ കുളിച്ച നിലയില്‍ ജ്യോതിയെ കണ്ടെത്തിയത്.
സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ വ്യക്‌തമായി പതിഞ്ഞിട്ടുണ്ട്. അക്രമിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് അറിയിച്ചു. ഇതിനിടയില്‍ അക്രമി ആന്ധ്രയിലേക്ക് കടന്നതായും സൂചനയുണ്ട്.