ഉത്തേജകം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്; രഞ്ജിത്ത് മഹേശ്വരിക്ക് ഇന്ന് അര്‍ജുനയില്ല

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (16:58 IST)
PRO
മലയാളി ട്രിപ്പിള്‍ ജമ്പിള്‍ താരം രഞ്ജിത് മഹേശ്വരിയ്ക്ക് ഇന്ന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് കായികമന്ത്രാലയം. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രം അവാര്‍ഡ് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. പരമോന്നത കായിക പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യാനിരിക്കെയാണ് ഈ നീക്കം. അന്വേഷണത്തിന് കായികമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയ രഞ്ജിത്തിനെ ഈ തീരുമാനം കായിക മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. തിങ്കളാഴ്ച വരെ കാത്തിരിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചത്. ഉത്തേജക പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടുവെന്ന് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഈ നടപടി.

2008 ല്‍ കൊച്ചിയില്‍ നടന്ന നാല്പത്തിയെട്ടാമത് ഓപ്പണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഉത്തേജക പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടതായാണ് പത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തേജ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് നേരത്തെ രഞ്ജിത് മഹേശ്വരിയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കായികദിനമായ ഓഗസ്റ്റ് 29നാണ് അര്‍ജുന അവാര്‍ഡ് വിതരണം ചെയ്യേണ്ടിയിരുന്നതെങ്കിലും കായികമന്ത്രി ജിതേന്ദ്രസിംഗ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ അര്‍ജുന അവാര്‍ഡ് പരിഗണനയില്‍ നിന്നും ഒന്‍പതാം തവണയും തഴഞ്ഞത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കായിക കേരളത്തിന് തിരിച്ചടിയാവുന്ന ഈ സംഭവവും നടന്നിരിക്കുന്നത്.

രഞ്ജിത്തിനെതിരായ ഇപ്പോഴത്തെ നീക്കത്തില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഢാലോചനയും ദുരൂഹതയും ഉണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡ് പട്ടിക തയ്യാറാക്കുന്നതെന്നതിനാല്‍ തന്നെ ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.