ഉത്തരാഖണ്ഡ് പ്രളയത്തില്‍പ്പെട്ട് ക്ഷേത്രനഗരമായ ബദരീനാഥില്‍ കുടുങ്ങിയ അവസാനത്തെ സംഘം തീര്‍ഥാടകരെയും ഒഴിപ്പിച്ചതായി വ്യോമസേന അറിയിച്ചു. 150 തീര്‍ഥാടകരെയാണ് ഏറ്റവുമൊടുവിലായി ഒഴിപ്പിച്ചത്. ഇതോടെ 17 ദിവസം നീണ്ട ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമായി.
ബദരീനാഥില്‍ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ചമോലി ജില്ലാ മജിസ്ട്രേറ്റ് എസ്എ മുരുകേശന്‍ അറിയിച്ചു. ഇനി ഏതാനും നേപ്പാളി തൊഴിലാളികളും സ്ഥലവാസികളുമാണ് ബദരീനാഥിലുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അവരെയും താമസംകൂടാതെ ഒഴിപ്പിക്കുമെന്ന് മുരുകേശന്‍ വ്യക്തമാക്കി.
അതേസമയം, പാലങ്ങളും റോഡുകളും വ്യാപകമായി തകര്‍ന്നു കിടക്കുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ ദുരിതാശ്വാസമെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാനാവാതെ കുഴങ്ങുകയാണ് ജില്ലാ ഭരണകൂടം. മോശം കാലാവസ്ഥയും തടസ്സമാവുന്നുണ്ട്. ദുരന്തം കഴിഞ്ഞ് 17 ദിവസം പിന്നിടുമ്പോഴും 36 പേരെയാണ് കേദാര്‍നാഥില്‍ സംസ്കരിച്ചത്.