ഇരട്ട പൗരത്വ വിവാദത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പാർലമെന്റ് ധാർമിക സമിതിയുടെ നോട്ടീസ്. രേഖകളിൽ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി ജെ പി നേതാവ് എൽ കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റി നോട്ടിസ് അയച്ചത്. ലോക്സഭാ സ്പീക്കർക്ക് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടപടി എടുക്കാന്‍ പാർലമെന്റ് ധാർമിക സമിതിക്ക് വിടുകയായിരുന്നു.
യു കെയില്‍ താമസിക്കുന്ന സമയം ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നോ എന്നാണ് രാഹുലിനോട് നോട്ടീസിലൂടെ ചോദിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ലണ്ടനിലെ ഒരു കമ്പനിയുടെ ഡയറക്ടറയത് എങ്ങനെയാണ് എന്ന് വ്യക്തമാക്കണമെന്നും വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും ധാർമിക സമിതി അംഗം അർജുൻ റാം മെഹ്‍വാൾ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് രംഗത്തെത്തിയത്. സ്വാമി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ബ്രിട്ടിഷ് പൗരത്വമുള്ള രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും ലോക്സഭാംഗത്വവും റദ്ദാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാമി കത്തയച്ചിരുന്നു. എന്നാൽ സ്വാമിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് കോൺഗ്രസ് പറയുന്നത്.