ഇന്ദിരാഗാന്ധി ഒരു വലിയ പാപം ചെയ്തു: നരേന്ദ്രമോഡി

Webdunia
ബുധന്‍, 6 ജൂണ്‍ 2012 (15:34 IST)
PRO
PRO
മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കുറ്റപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി.

“ഇന്ദിരാഗാന്ധി ഒരു വലിയ പാപം ചെയ്തു, മറ്റ് നിരവധി പാപങ്ങള്‍ക്കൊപ്പം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ ബൈബിള്‍ അനുസരിച്ചു ഭരിക്കുമെന്നാണ് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പു യോഗത്തില്‍ ഇന്ദിര പ്രഖ്യാപിച്ചത്. ഭിന്നിപ്പിലേക്ക് നയിക്കുന്ന ആ പ്രഖ്യാപനത്തെ ഒരു മതേതരവാദിയും ചോദ്യം ചെയ്തില്ല“- മോഡി പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ മോഡി പ്രകീര്‍ത്തിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിനുശേഷം ആരും അവരെ ആദരിച്ചില്ലെന്നും പകരം അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ഡിഎ ഭരണകാലത്താണ് വടക്കുകിഴക്കന്‍ മേഖലയ്ക്കു ഉണര്‍വേകിയത്. അവര്‍ക്ക് വേണ്ടി ആദ്യമായി വകുപ്പും മന്ത്രിയുമുണ്ടായി. ഈ സംസ്ഥാനങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമിച്ചത് വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും മോഡി പറഞ്ഞു.

മോഡി മതേരതവാദിയല്ലെന്ന് കോണ്‍ഗ്രസ് നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഇന്ദിരാഗാന്ധിയെ ചൂണ്ടിക്കാട്ടി അദ്ദേഹം തിരിച്ചടിക്കുന്നത്.