ഇന്ത്യാക്കാരന്‍റെ വധം: ഓസീസില്‍ ദമ്പതികള്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 28 ജനുവരി 2010 (15:43 IST)
PRO
ഇന്ത്യാക്കാരനായ ഇരുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തിയതിന് ഓസ്ട്രേലിയയില്‍ ദമ്പതികള്‍ അറസ്റ്റിലായി. ഇരുപത്തിമൂന്നുകാരനായ യുവാവിനെയും അയാളുടെ ഇരുപതുകാരിയായ ഭാര്യയെയും ആണ് പൊലീസ് പിടികൂടിയത്. ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല.

ഡിസംബറില്‍ ഇന്ത്യാക്കാരനായ രണ്‍‌ജോദ് സിംഗ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് യുവദമ്പതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാഗീകമായി പൊള്ളലേറ്റ നിലയില്‍ രണ്‍ജോദ് സിംഗിന്‍റെ മൃതദേഹം ന്യൂ സൌത്ത് വെയില്‍‌സിലെ റിവെരിനയിലുള്ള വില്‍‌ഗ റോഡിന് സമീപം ചവറിടുന്ന സ്ഥലത്ത് കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് തലേന്ന് ഒരു സംഘം സുഹൃത്തുക്കള്‍ക്കൊപ്പം രണ്‍ജോദ് സിംഗ് ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതായും മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. സിഡ്നിയുടെ കിഴക്കന്‍ പ്രദേശമായ സാ‍ന്‍സ് സൌസിയിലുള്ളവരാണ് പിടിയിലായതെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാ‍ള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.