രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതനാണ് നരേന്ദ്രമോഡിയെന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്ത്. 'മോസ്റ്റ് എലിജിബിള്‍' ബാച്ച്ലര്‍ എന്നായിരുന്നു മല്ലികയുടെ പ്രതികരണം.
' ദി ബാച്ച്ലറേറ്റ് ഇന്ത്യ- മേരേ ഖയാലോം കീ മല്ലിക' എന്ന ടിവി റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്ന പരിപാടിയുടെ പ്രചാരണത്തിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
മോഡിയാണ് രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതനെന്നും 62 വയസുകാരനായ അദ്ദേഹം നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയാണെന്നും പുരോഗമന ചിന്താഗതിയുള്ളയാളാണെന്നും തന്നെപ്പോലെതന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വവുമാണ് അദ്ദേഹമെന്നും മല്ലിക വിശദീകരിക്കുന്നു.
മുപ്പതോളം മത്സരാര്‍ഥികളാണ് 36 വയസുകാരിയായ മല്ലികയുടെ പങ്കാളിയാകാന്‍ രംഗത്തുള്ളത്. രാജസ്ഥാനിലെ ഫത്തേഗഡ് കോട്ടയിലാണ് ചടങ്ങ് നടന്നത്‍. 'ലൈഫ് ഒകെ' എന്ന ഹിന്ദി ചാനലില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഷോയുടെ സംപ്രേക്ഷണം ആരംഭിക്കും. നടന്‍ രോഹിത് റോയിയാണ് പരിപാടിയുടെ അവതാരകന്‍.