ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെട്ടു

Webdunia
ചൊവ്വ, 28 ജൂലൈ 2009 (10:36 IST)
ഓസ്ട്രേലിയന്‍ തലസ്ഥാനമായ സിഡ്നിയില്‍ പൈലറ്റ് കോഴ്സ് പഠിപ്പിക്കുന്ന ഒരു കോളേജ് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. എ ബി സി വാര്‍ത്താ ചാനലിലെ ഫോര്‍ കോര്‍ണേഴ്സ് എന്ന പരിപാടിയിലാണ് കുടിയേറ്റ, വിദ്യാഭ്യാസ ഏജന്‍റുമാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതായി റിപ്പോര്‍ട്ട് വന്നത്. മിക്കവരും പൈലറ്റാകാനുള്ള മോഹം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

എയ്‌റോ സ്പേസ് ഏവിയേഷന്‍ കോളേജ്ജാണ് വിദ്യാര്‍ത്ഥികളെ സമര്‍ത്ഥമായി കബളിപ്പിച്ചത്. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കോഴ്സിന് 43500 ഡോളറാണ് സ്ഥാപനം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്. 52 ആഴ്ച കോണ്ട് 200 മണിക്കൂര്‍ വിമാനം പറത്താനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നാണ് സ്ഥാപനത്തിന്‍റെ വാഗ്ദ്ധാനം.

എന്നാല്‍ കോളേജ് പ്രോസ്പെക്ടസില്‍ പറയുന്ന സൌകര്യങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാഗ്ദ്ധാനം ചെയ്ത അത്രയും മണിക്കൂ വിമാനം പറത്താന്‍ അവസരം ലഭിച്ചിട്ടില്ല. കോളേജില്‍ ആവശ്യത്തിന് അധ്യാപകരില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 18 മാസത്തിനിടെ 130 തവണ മാത്രമാണ് വിമാനം പറത്തിയതെന്ന് കോളേജിലെ വിദ്യാര്‍ത്ഥിയായ സുരേന്ദ്ര ഇഗലപതി പറഞ്ഞു.