ഇന്ത്യക്ക് ജപ്പാന്റെ 300 കോടി ഡോളറിന്റെ സഹായം

Webdunia
വ്യാഴം, 30 മെയ് 2013 (17:20 IST)
PRO
PRO
ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ഈ വര്‍ഷം ജപ്പാന്‍ 300 കോടി യു എസ്‌ ഡോളറിന്റെ സഹായം ഇന്ത്യക്കു നല്‍കാന്‍ തീരുമാനമായി. യോഗത്തില്‍ സാമ്പത്തിക, വ്യവസായ സഹകരണവും പ്രതിരോധ സഹകരണവും മെച്ചപ്പെടുത്താനും പ്രാദേശിക, ആഗോള നയതന്ത്ര പങ്കാളിത്തത്തിനും തീരുമാനിച്ചു. ഇന്ത്യയിലെ റെയര്‍ എര്‍ത്ത്‌സ്ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാനും ധാരണയായി.

വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ അബേയും തമ്മില്‍ സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിക്കുകയും പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്‌തു.

മുംബൈ മെട്രോലൈന്‍ മൂന്നാം ഘട്ടത്തിന്‌ 71 ദശലക്ഷം ഡോളര്‍ നല്‍കാനും മുംബൈ- അഹമ്മദാബാദ്‌ റൂട്ടില്‍ ഹൈസ്പീഡ്‌ ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കാനും ഡല്‍ഹി- മുംബൈ റയില്‍പാതയില്‍ സെമി- ഹൈസ്പീഡ്‌ ട്രെയിന്‍ സര്‍വീസിനും, ഏതു പ്രതികൂലസാഹചര്യത്തിലും കടലിലിറങ്ങാന്‍ കഴിയുന്ന രണ്ട്‌ യു എസ്‌ - ടു ജലവിമാനങ്ങള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. വ്യവസായം, വിദ്യാഭ്യാസം, പ്രാദേശികം തുടങ്ങിയ മേഖലകളിലും ആഗോള നയതന്ത്രത്തിലും സുപ്രധാനമായ തീരുമാനങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.