ആഷിനെ വിശ്വസിക്കാമെന്ന് ഫോര്‍ബ്സ്

Webdunia
വ്യാഴം, 19 ഫെബ്രുവരി 2009 (14:03 IST)
IFM
ഐശ്വര്യ റായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളെക്കാള്‍ സാമ്പത്തിക വിജയം ഉറപ്പാണെന്ന് ഫോര്‍ബ്സ് മാഗസിന്‍. മൂല്യമുള്ള ഇന്ത്യന്‍ താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയില്‍ ആഷ് ഒന്നാം സ്ഥാനത്താണ്.

ലോകത്തിലെ 1,411 താരങ്ങളുടെ പട്ടികയില്‍ ആഷിന്‍റെ സ്ഥാനം 387 ആണ്. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക ഇന്ത്യന്‍ നടിയും ഒന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ഇവര്‍. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, ഹൃതിക് റോഷന്‍ തുടങ്ങിയവരാണ് ആഷിനു പിന്നില്‍ നിരക്കുന്ന ബോളിവുഡ് താരങ്ങള്‍.

എന്നാല്‍ ഖാന്‍‌മാരെയൊക്കെ പിന്തള്ളി ‘നെയിം സേക്ക്’ താരമായ അമേരിക്കന്‍ നടന്‍ കാല്‍ പെന്‍ 467 ആം സ്ഥാനത്ത് ഉണ്ട്. ആമീര്‍ഖാനാണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ബോളിവുഡ് താരം, റാങ്ക്-540. മറ്റുള്ള താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയിലെ സ്ഥാനം ഇനി പറയുന്ന വിധമാണ്; ഷാരൂഖ്-735, സല്‍മാന്‍-753, ഇര്‍ഫാന്‍-825, ഹൃതിക്-1,059.

സാമ്പത്തിക വിജയം ഉറപ്പാക്കുന്ന താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഹോളിവുഡ് താരം വില്‍‌സ് സ്മിത്ത് ആണ് ഒന്നാമത്. തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍ ടോം ഹാങ്ങ്‌ക്സ്, ജോര്‍ജ്ജ് ക്ലൂണി എന്നിവരാണ്.