കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ രണ്ട് വര്‍ഷമായി ലഘുഭക്ഷണത്തിനും ബോട്ടില്‍ ചെയ്ത വെള്ളത്തിനുമായി ചെലവഴിച്ചത് 94 ലക്ഷം രൂപ! ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് ചെലവഴിച്ച തുകയെക്കാള്‍ വളരെ കൂടുതലാണെന്നതാണ് രസകരമായ വസ്തുത.
2008-09, 1009-10 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനായി ചെലവഴിച്ചത് വെറും 11.77 ലക്ഷം രൂപ മാത്രമാണ്. രമേശ് വര്‍മ്മ എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
2008-09 വര്‍ഷത്തില്‍ 49.45 ലക്ഷം രൂപയും 2009-10 വര്‍ഷത്തില്‍ 44.62 ലക്ഷം രൂപയുമാണ് ചെലവഴിച്ചതെന്ന് ആരോഗ്യമന്ത്രാലത്തിന്റെ മറുപടിയില്‍ പറയുന്നു. അതായത്, ആരോഗ്യമന്ത്രാലയം ലഘു ഭക്ഷണത്തിനും വെള്ളത്തിനുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി മൊത്തം 94.07 ലക്ഷം രൂപ ചെലവഴിച്ചു.
ഗ്രാമവികസനമന്ത്രാലയം 41. 42 ലക്ഷം രൂപയും ജലവിഭവ വകുപ്പ് 20.73 ലക്ഷം രൂപയും പെട്രോളിയംമന്ത്രാലയം 19.5 ലക്ഷം രൂപയുമാണ് ലഘു ഭക്ഷണത്തിനും വെള്ളത്തിനുമായി ചെലവഴിച്ചത്. പൊതുവിതരണമന്ത്രാലയമാവട്ടെ, 35,000 രൂപ ബോട്ടില്‍ ചെയ്ത വെള്ളത്തിനും ലഘു ഭക്ഷണത്തിന് 14 ലക്ഷം രൂപയുമാണ് ചെലവാക്കിയത്.