ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയെന്ന് സിബിഐ മൊഴി

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2013 (20:43 IST)
PRO
PRO
സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ആരുഷി തല്‍വാറിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണെന്ന് സിബിഐ മൊഴി‍. മറ്റാരും ആരുഷി താമസിക്കുന്ന ഫ്ളാറ്റിലേക്ക് വന്നിട്ടില്ലെന്നും ഡോക്ടര്‍ ദമ്പതികളും മാതാപിതാക്കളുമായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറുമാണ് കൊലപാതകം ചെയ്തതെന്നും കേസന്വേഷിച്ച സിബിഐ സംഘത്തിലെ അംഗമായിരുന്ന എജി കൗള്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി.

കേസില്‍ 2010ല്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തന്നെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരായ സിബി.ഐ എസ്പിയായ കൗള്‍ കോടതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

മെയ് 2008ലാണ് 13കാരിയായ ആരുഷി തല്‍വാറിനെ നോയിഡയിലെ സ്വന്തം ഫ്ളാറ്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഇവരുടെ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും ടെറസില്‍ കണ്ടെത്തിയിരുന്നു. കേസന്വേഷിച്ച സിബിഐ ആരുഷിയുടെ മാതാപിതാക്കള്‍ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന് ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇത് തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു.