ആന്‍ട്രിക്സ്-ദേവാസ് ഉടമ്പടി പരിശോധിക്കാന്‍ സമിതി

Webdunia
വ്യാഴം, 10 ഫെബ്രുവരി 2011 (18:38 IST)
ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്, ദേവാസ് എന്ന സ്വകാര്യ കമ്പനിക്ക് എസ്-ബാന്‍ഡ് സ്പെക്‌ട്രം കുറഞ്ഞ പാട്ടത്തിനു കൊടുത്ത് വിവാ‍ദ ഇടപാട് പരിശോധിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ആസൂത്രണ കമ്മീഷന്‍ അംഗമായ ബികെ ചതുര്‍വേദിയാണ് സമിതിയുടെ തലവന്‍. ബഹിരാകാശ കമ്മീഷന്‍ അംഗമായ റൊദ്ദം നരസിംഹയാണ് സമിതിയിലെ രണ്ടാമത്തെ അംഗം.

ആന്‍ട്രിക്സും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള കരാറിന്‍റെ നടപടിക്രമങ്ങളും സങ്കേതികവും വാണിജ്യപരവും സാമ്പത്തികവുമായ വിശദാംശങ്ങളും സ്മിതി പരിശോധിക്കും. ആന്‍ട്രിക്സ്, ഐഎസ്ആര്‍ഒ, ബഹിരാകാശ വിഭാഗം എന്നിവ ഇത്തരം ഉടമ്പടികള്‍ക്കായി തുടര്‍ന്നു വരുന്ന നടപടിക്രമങ്ങളും അനുമതി നല്‍കല്‍ പ്രക്രിയകളും പര്യാപ്തമാണോ എന്നതും സമിതിയുടെ പരിശോധനക്കു വരും. ഇവയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുവാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരു മാസത്തിനുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കണം. പ്രധാനമന്ത്രിയാണ് ബഹിരാകാശ വകുപ്പിന്‍റെ ചുമതല വഹിക്കുന്നത്.
ദേവാസിന് 70 മെഗ ഹെര്‍ട്സ് എസ്-ബാന്‍ഡ് 1000 കോടി രൂപക്ക് ആന്‍ട്രിക്സ് അനുവദിച്ചുവെന്നാണ് ആരോപണം.

യഥാര്‍ത്ഥത്തില്‍ 2 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് സ്പെക്‌ട്രം. സര്‍ക്കാരിന് നഷ്ടമൊന്നും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഭാഷ്യം. എന്നാല്‍ ബഹിരാകാശ കമ്മീഷനും കാബിനറ്റും അറിയാതെ രണ്ടു സാറ്റലൈറ്റുകളുടെ 90 ശതമാനം വിനിമയ അവകാശം ദേവാസിനു നല്‍കിയിരുന്നതായി ഐഎസ്ആര്‍ഒ തലവന്‍ കെ രാധാകൃഷ്ണന്‍ സമ്മതിച്ചു.