സമാധാനപരമായ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യയ്ക്ക് നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ. നമീബിയൻ പ്രസിഡന്റ് ഹെയ്‌ജ് ഹീൻഗോബാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്‍കിയ വിരുന്നിലാണു പ്രസിഡന്റ് ഹെയ്ജ് ഹീന്‍ഗോബ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആണവസാങ്കേതികവിദ്യ ചില രാജ്യങ്ങൾ മാത്രം കയ്യടക്കിവച്ചിരിക്കുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ വിവേചനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കമ്പനികളെ നമീബിയയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച നമീബിയന്‍ പ്രസിഡന്റ്, ഇന്ത്യയുടെ രാജ്യാന്തര സൗരോര്‍ജ കൂട്ടായ്മ സംരംഭത്തെ അഭിനന്ദിക്കാനും മറന്നില്ല. നമീബിയയുടെ സാമൂഹിക–സാമ്പത്തിക മേഖലകളിൽ ഇന്ത്യ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന് നമീബിയയുടെ സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ പ്രസംഗിക്കവേ രാഷ്ട്രപതി പ്രണബ് മുഖർജി അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനുശേഷമായിരുന്നു രാഷ്ട്രപതിയുടെ നമീബിയ സന്ദര്‍ശനം.