ആക്രമണങ്ങളില്‍ വംശീയതയുണ്ട്: ഓസ്ട്രേലിയ

Webdunia
ബുധന്‍, 20 ജനുവരി 2010 (13:11 IST)
ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരീക്ഷിച്ചുവരികയാണെന്ന് വിക്ടോറിയന്‍ പൊലീസ്. ഇന്ത്യക്കാര്‍ക്കെതിരെ നടന്ന ചില ആക്രമണങ്ങള്‍ വംശീയമായിരുന്നെന്നും വിക്ടോറിയന്‍ പൊലീസ് കമ്മീഷണര്‍ സൈമണ്‍ ഓവര്‍ലാന്‍ഡ് പറഞ്ഞു. ഇതാദ്യമാണ് ഇന്ത്യക്കാര്‍ക്കെതിരെ വംശീയ ആക്രമണം നടന്നു എന്ന് ഓസ്ട്രേലിയ സമ്മതിക്കുന്നത്.

ആക്രമണങ്ങളില്‍ കൂടുതലായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ലക്‍ഷ്യമിടുന്നത്. ആക്രമണ ലക്‍ഷ്യമെന്താണെങ്കിലും അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഓവര്‍ലാന്‍ഡ് പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ വിശദ റിപ്പോര്‍ട്ട് ലഭ്യമാണ്. മോഷണങ്ങള്‍ക്കായി നടന്ന ആക്രമണങ്ങളില്‍ ഇന്ത്യക്കാരെയാണ് കൂടുതല്‍ ലക്‍ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കയ്യേറ്റശ്രമങ്ങള്‍ക്ക് ഇന്ത്യക്കാരാണ് കൂടുതല്‍ ഇരയായതെന്ന് പറയാനാവില്ല എന്നും ഓവര്‍ലാന്‍ഡ് പറഞ്ഞു.

50 ശതമാനം ഇന്ത്യക്കാരും അവരുടെ ജോലിസ്ഥലത്താണ് ആക്രമണത്തിനിരയായത്. ഇവരില്‍ കൂടുതലും ടാക്സി ഡ്രൈവര്‍മാരോ വ്യാപാരസ്ഥലങ്ങളിലെ ജോലിക്കാരോ ആയിരുന്നു എന്നും വിക്ടോറിയന്‍ കമ്മീ‍ഷണര്‍ പറഞ്ഞു.

ചില ആക്രമണങ്ങള്‍ വംശീയമായിരുന്നു. എന്നാല്‍, ആക്രമണത്തിനിരയായവര്‍ ആരാണെന്നോ, ഏതു വര്‍ണത്തിലുള്ളവരാണെന്നോ എന്തുജോലിക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും സുരക്ഷിതത്വമുറപ്പാക്കുകയാണ് തന്റെ ജോലി എന്നും വിക്ടോറിയന്‍ പൊലീസ് മേധാവി പറയുന്നു.