ആം ആദ്മിയില്‍ പൊട്ടിത്തെറി: കെജ്രിവാള്‍ രാജിക്കൊരുങ്ങി

Webdunia
ഞായര്‍, 1 മാര്‍ച്ച് 2015 (11:25 IST)
ചരിത്ര വിജയവുമായി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ പാര്‍ട്ടിയില്‍ മുതിര്‍ന്നസ് നേതാക്കള്‍ തമ്മില്‍ പടല്‍പ്പിണക്കം ഉടലെടുത്തതായും പാര്‍ട്ടിയുടെ കണ്വീനര്‍ സ്ഥാനത്തു നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെക്രിവാള്‍ രാജിക്കൊരുങ്ങിയതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. വ്യാഴാഴ്ച നടന്ന എഎപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ കേജ്രിവാള്‍ സന്നദ്ധത പ്രകടിപ്പിച്ചത്. 
 
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഎപിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. 
 
എഎപി കണ്‍വീനര്‍, ഡല്‍ഹി മുഖ്യമന്ത്രി എന്നിങ്ങനെ കേജ്രിവാള്‍ ഇരട്ടപ്പദവി വഹിക്കുന്നതില്‍ ഇവര്‍ക്കും മറ്റുചില നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് സൂചന. ഇതേതുടര്‍ന്നാണ് രാജിവയ്ക്കാനുള്ള തീരുമാനം കെജ്രിവാള്‍ അറിയിച്ചത്. എന്നാല്‍, ദേശീയ എക്സിക്യൂട്ടീസ് യോഗം കേജ്രിവാളിന്റെ തീരുമാനം തള്ളുകയായിരുന്നു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം കേജ്രിവാള്‍, യാദവ്, ഭൂഷണ്‍ എന്നിവര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതിനായി പങ്കജ് ഗുപ്ത, ഗോപാല്‍ റായ്, ആനന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.