അശ്ലീല വീഡിയോ: അധ്യാപകനെ അടിച്ചുകൊന്നു!

Webdunia
വ്യാഴം, 29 ജൂലൈ 2010 (13:30 IST)
PRO
പശ്ചിമബംഗാളിലെ ബര്‍ദ്ധമാനില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയോടൊത്തുള്ള അശ്ലീല വീഡിയോ നിര്‍മ്മിച്ച ട്യൂഷന്‍ മാസ്റ്ററെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഒരു ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പ്രലോയ് ഭട്ടാചാര്യയ്ക്ക് ഒപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം മുമ്പാണ് അശ്ലീല വീഡിയോ നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു. ബര്‍ദ്ധമാനില്‍ ഇത് എത്തിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ. പ്രദേശവാസികള്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയും നാല്‍പ്പതുകാരനായ അധ്യാപകനെയും തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

അശ്ലീല ചിത്രത്തെ കുറിച്ച് അറിഞ്ഞ അധ്യാപകന്റെ ഭാര്യ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ബഹളം വച്ചിരുന്നു. വഴക്ക് തെരുവിലായതോടെ ഇവരെയും പെണ്‍കുട്ടിയെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചിരുന്നു.

അടുത്ത ദിവസം രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ അധ്യാപകനെ നാട്ടുകാരായ യുവാക്കള്‍ ബലപ്രയോഗത്തിലൂടെ അടുത്തുള്ള ഒരു ക്ലബ്ബില്‍ എത്തിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇയാളെ യുവാക്കളില്‍ നിന്ന് മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു എങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സ്വകാര്യ ട്യൂഷന്‍ നടത്തുന്ന പ്രലോയ് കൂടുതല്‍ അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീല ചിത്രം നിര്‍മ്മിക്കുന്നതിനും വിതരണം നടത്തുന്നതിനും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.