അലഹബാദ് കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നു!

Webdunia
വെള്ളി, 26 നവം‌ബര്‍ 2010 (17:59 IST)
PRO
PRO
അലഹാബാദ്‌ ഹൈക്കോടതിയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം. ഒപ്പം‌തന്നെ, അലഹാബാദ്‌ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ സത്യസന്ധതയെ പറ്റിയും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. അലഹാബാദ്‌ ഹൈക്കോടതിയില്‍ ഒരു ശുദ്ധീകരണം അനിവാര്യമാണെന്നും ജസ്റ്റീസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. അലഹാബാദ്‌ ഹൈക്കോടതിയില്‍ സ്വജനപക്ഷപാതവും അഴിമതിയും അരങ്ങുവാഴുകയാണെന്ന്‌ നിരവധി സംഘടനകള്‍ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.

“ഡെന്‍‌മാര്‍ക്ക് രാജ്യത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്നാണ് ഷേക്സ്പിയര്‍ പ്രസിദ്ധ നാടകമായ ഹാം‌ലറ്റില്‍ എഴുതിയത്. അലഹബാദ് ഹൈക്കോടതിയുടെ കാര്യത്തിലും ഇതുതന്നെ പറയാം. കോടതി നടത്തിയ ചില അന്യായ വിധികള്‍ സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഉലച്ചിരിക്കുകയാണ്. അലഹബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്കെതിരെ ഗൌരവതരമായ നിരവധി പരാതികള്‍ ഉണ്ട് എന്ന് ഖേദത്തോടെ തന്നെ പറയട്ടെ.”

“ചില ജഡ്ജിമാരുടെ ബന്ധുമിത്രാദികള്‍ ഇവിടെ പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. പ്രാക്‌ടീസ് ആരംഭിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജഡ്ജിയും ബന്ധുമിത്രാദികളും കോടീശ്വരന്മാവുന്നു. വന്‍ ബാങ്ക് സമ്പാദ്യവും ലക്ഷ്വറി കാറുകളും വലിയ ബംഗ്ലാവുകളും ഇവര്‍ക്കുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു” - ജസ്റ്റിസുമാര്‍ പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയിലെ പല ജഡ്ജിമാര്‍ക്കും 'അങ്കിള്‍ ജഡ്ജ്‌ സിന്‍ഡ്രോം' ആണെന്ന്‌ കുറ്റപ്പെടുത്തിയ സുപ്രീംകോടതി, ജഡ്ജിമാര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിന്‍ ചീഫ്‌ ജസ്റ്റിസ്‌ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി.

കൌതുകകരമെന്ന് പറയട്ടെ, രാഷ്‌ട്രം മുഴുവന്‍ ഉറ്റുനോക്കിയ ബാബറി മസ്ജിദ് കേസിന്റെ വിധി പ്രഖ്യാപിച്ചതും അലഹബാദ് ഹൈക്കോടതിയാണ്. ചരിത്രാതീത കാലത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീരാമ ഭഗവാന്റെ ജനനസ്ഥലം ജഡ്ജിമാര്‍ കൃത്യമായി കണ്ടെത്തിയത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്‌ പ്രത്യേക വിമാനവും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാര്‍ക്ക്‌ ഹെലികോപ്റ്ററും അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന വിചിത്രമായ നിര്‍ദേശം കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നല്‍‌കിക്കൊണ്ടും അലഹബാദ് ഹൈക്കോടതി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.