അരുന്ധതി റോയിയെ അറസ്റ്റ് ചെയ്തേക്കും

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (09:46 IST)
രാജ്യദ്രോഹ കുറ്റത്തിന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമ മന്ത്രാലയത്തിന്‍റെ അഭിപ്രായം ആരാഞ്ഞുവരികയാണ്. കാശ്മീര്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച നടത്തിയ വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തിലായിരിക്കും അരുന്ധതി റോയിക്കെതിരെയും കാശ്മീര്‍ വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിക്കെതിരെയും കേസ് ചാര്‍ജ്ജ് ചെയ്യുക.

ഭരണഘടനയ്ക്കെതിരെയും ദേശീയ താല്‍‌പ്പര്യത്തിനെതിരെയും പ്രസംഗിച്ച അരുന്ധതി റോയിക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇപ്പോള്‍ വിദേശത്തുള്ള പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ് തിരിച്ചുവരുന്നതുവരെ കാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു.

അരുന്ധതി റോയിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള തീരുമാനം അറിയാനായി കാത്തിരിക്കുകയാണ്. സെക്ഷന്‍ 123 പ്രകാരമുള്ള നടപടികളായിരിക്കും ബൂക്കര്‍ പ്രൈസ് ജേതാവിനെതിരെ കൈക്കൊള്ളുക. മൂന്ന് വര്‍ഷം വരെ തടവ് വിധിക്കാവുന്ന കുറ്റകൃത്യമാണ് ഈ വകുപ്പിലുള്ളത്.

വിശക്കുന്ന ഹിന്ദുസ്ഥാനില്‍ നിന്ന് കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്നായിരുന്നു അരുന്ധതി റോയിയുടെ പ്രസ്താവന. കാശ്മീര്‍ വിഘടന വാദികളുടെ നേതാവ് സെയ്ദ് അലി ഷാ ഗിലാനിയ്ക്ക് ആതിഥ്യമരുളിക്കൊണ്ട് ദേശീയ തലസ്ഥാന നഗരിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഒരു സെമിനാറിലാണ് അരുന്ധതി റോയ് ഈ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് കാശ്മീരില്‍ നടന്ന മറ്റൊരു സെമിനാറില്‍ അവര്‍ ഈ പ്രസ്താവന ആവര്‍ത്തിക്കുകയുണ്ടായി. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.