അയോധ്യയാത്ര തടഞ്ഞതില്‍ വി‌എച്ച്‌പി രാജ്യവ്യാപക പ്രക്ഷോഭത്തിന്

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (08:22 IST)
PRO
PRO
‘84 കോസി പരിക്രമയാത്ര’ തടഞ്ഞതില്‍ വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ആഹ്വാനവുമായി വി‌എച്ച്‌പി നടത്തിയ പദയാത്ര തടയുന്നതിനായി പ്രവീണ്‍ തൊഗാഡിയ, അശോക് സിംഘല്‍ എന്നിവരുള്‍പ്പെടെ പ്രമുഖനേതാക്കളെയും 1500-ലേറെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.

യാത്ര തടഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രകടനങ്ങള്‍ നടത്തുമെന്ന് തൊഗാഡിയ പറഞ്ഞു. അയോധ്യയില്‍ നടത്താനിരുന്നത് രാഷ്ട്രീയപദയാത്രയല്ലെന്നും മതയാത്രയാണെന്നും അറസ്റ്റിലായ തൊഗാഡിയ പറഞ്ഞു. യാത്ര തടഞ്ഞ യുപി സര്‍ക്കാറിന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യാത്ര പ്രഖ്യാപിച്ചിട്ടുള്ള ആറ് ജില്ലകളിലും സുരക്ഷാക്രമീകരണങ്ങള്‍ സപ്തംബര്‍ 13 വരെയോ വിഎച്ച്പി യാത്ര പിന്‍വലിക്കുന്നതുവരെയോ ഇതേപടി തുടരുമെന്നും യുപി ആഭ്യന്തരസെക്രട്ടറി കമാല്‍ സക്‌സേന അറിയിച്ചു.

പൊലീസ് എല്ലായിടത്തും കനത്ത കാവലേര്‍പ്പെടുത്തിയിരുന്നതിനാല്‍ നൂറോളം സന്യാസിമാര്‍ക്കേ എത്തിപ്പെടാനായുള്ളൂ. 20 ദിവസത്തെ യാത്ര നിര്‍ത്തിയിട്ടില്ലെന്നും തുടരുമെന്നുമാണ് വിഎച്ച്‌പി നേതാക്കള്‍ അവകാശപ്പെടുന്നത്.

നിരോധനാജ്ഞ ലംഘിച്ച് യാത്ര തുടങ്ങാന്‍ ശ്രമിച്ചതിന്റെ പേരിലാണ് തൊഗാഡിയയെ അയോധ്യയിലെ ഗോലഘാട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. ന്യൂഡല്‍ഹിയില്‍നിന്ന് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അശോക് സിംഘല്‍ കസ്റ്റഡിയിലായത്.ഉച്ചയ്ക്ക് ഒന്നരയോടെ തിരികെ ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തു.