അമീര്‍, ഷാരൂഖ് - 2 ഇഡിയറ്റ്സ്: ശിവസേന

Webdunia
ഞായര്‍, 31 ജനുവരി 2010 (09:43 IST)
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ബോളിവുഡ് താരങ്ങളായ അമീര്‍ ഖാനും ഷാരൂഖ് ഖാനും യഥാര്‍ത്ഥ ജീവിതത്തില്‍ രണ്ട് വിഡ്ഡികളാണെന്ന് ശിവസേന. പാര്‍ട്ടിയുടെ ഹിന്ദി മുഖപത്രമായ ‘ദോപഹര്‍ കാ സാമ്ന’ യിലാണ് ഈ വിവാദ പരാമര്‍ശം വന്നിരിക്കുന്നത്.

ഷാ‍രൂഖ് ഖാന്‍ തനിക്ക് പാകിസ്ഥാന്‍ കളിക്കാരോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുന്നു. അമീര്‍ഖാനാവട്ടെ ദേശ സ്നേഹം കലര്‍ത്തിയാണ് പാക് ക്രിക്കറ്റ് കളിക്കാരോടുള്ള സ്നേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ കളിക്കാരെ പിന്തുണച്ചുകൊണ്ട് ബുദ്ധിശൂന്യമായ പ്രസ്താവന നടത്തിയതിലൂടെ രണ്ട് പേരും യഥാര്‍ത്ഥ ജീവിതത്തിലും വിഡ്ഡികളാണെന്ന് തെളിയിച്ചിരിക്കുന്നു, പത്രത്തില്‍ വന്ന പ്രസ്താവനയില്‍ പറയുന്നു.

എല്ലാ നല്ല ക്രിക്കറ്റ് കളിക്കാരും തന്റെ ടീമില്‍ വേണമെന്നാണ് അമീറിന്റെ ആഗ്രഹം. താന്‍ ഏതു രാജ്യത്ത് കഴിയുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്നില്ല, അമീറിന്റെ നിലപാടിനെ ശിവസേനയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. താനാണ് ഐപി‌എല്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നത് എങ്കില്‍ കളിക്കാരുടെ പ്രകടനത്തിനു മാത്രമേ പ്രാധാന്യം നല്‍കുമായിരുന്നുള്ളൂ എന്നും അവര്‍ ഏതു രാജ്യത്ത് നിന്നുള്ളവരാണെന്നതിന് പ്രാധാന്യം നല്‍കുകയില്ലായിരുന്നു എന്നും അമീര്‍ ഖാന്‍ പറഞ്ഞതാ‍ണ് ശിവസേനയെ ചൊടിപ്പിച്ചത്. പാക് കളിക്കാരെ പിന്തുണച്ച ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്കരിക്കുമെന്ന് സേന നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ദോപഹര്‍ കാ സാമ്ന’യില്‍ വന്ന ലേഖനത്തിനൊപ്പം ‘3 ഇഡിയറ്റ്സ്’ എന്ന സിനിമയുടെ പോസ്റ്ററില്‍ മാറ്റംവരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഷാരൂഖും അമീറും ഓരോ വീപ്പകള്‍ക്കുള്ളില്‍ നിന്ന് എത്തി നോക്കുന്നതായിട്ടാണ് പോസ്റ്ററുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.