അദ്വാനി യോഗ്യനല്ലെന്ന് ലാലു

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (18:41 IST)
ഭീകരവാദവും വര്‍ഗീയവാദവും പിശാചിന്‍റെ തിന്‍മയുടെ ഇരട്ട സഹോദരിമാരാണെന്ന് കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപി നേതാവ് എല്‍കെ അദ്വാനി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. യുപി‌എ സര്‍ക്കാറിന്‍റെ വികസന നയങ്ങള്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുന്നതിനെ പ്രതിരോധിക്കാനാണ് ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ലാലു ആവശ്യപ്പെട്ടു. സംവരണത്തിന്‍റെ ഗുണം ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് കൂടി ലഭിക്കുന്ന ഭരണഘടനാ ഭേദഗതിയെ തന്‍റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ സരന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ലാലു വ്യക്തമാക്കി.നിലവില്‍ ചപ്ര മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അദ്ദേഹം.മണ്ഡലം പുനര്‍ നിര്‍ണയത്തിന്‍റെ ഭാഗമായി ചപ്ര മണ്ഡലം സരന്‍ മണ്ഡലമായി മാറുകയായിരുന്നു.