അഞ്ചു വയസുകാരിയെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2014 (20:01 IST)
PRO
PRO
അഞ്ചു വയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. മകളെ പീഡിപ്പിച്ച അയല്‍വാസിയായ അര്‍ജുന്‍ താമ്പ(23)യെ അമ്മ ഇരുമ്പുവടിക്ക് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ മാനഭംഗപ്പെടുത്തിയവനെ താന്‍ കൊന്നു. അതിലെന്താണ് തെറ്റ് എന്നാണ് അവര്‍ മാധ്യമങ്ങളോട് ആരാഞ്ഞത്.

ശനിയാഴ്ച കടുത്ത വേദന അനുഭവപ്പെടുന്നതായി മകള്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ചോക്‌ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സമീപത്തുള്ള വയലില്‍ കൊണ്ടുപോയി താമ്പ പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. താമ്പ തന്നെ ദുരുപയോഗിച്ചതായി കുട്ടിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ താമ്പയ്‌ക്കെതിരെ മാനഭംഗക്കേസും താമ്പയുടെ സഹോദരന്റെ പരാതിയില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കൊലപാതകകേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.