അച്ഛന്‍ മകളെ ആസിഡെറിഞ്ഞു കൊന്നു

Webdunia
ബുധന്‍, 2 ജൂണ്‍ 2010 (10:24 IST)
PRO
പടിഞ്ഞാറന്‍ യുപിയില്‍ അഭിമാനക്കൊലപാതകത്തിനു പുതിയ മുഖം. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് മകളെ പിതാവ് ആസിഡെറിഞ്ഞു കൊന്നുവെന്ന് ആരോപണം.

ബുലന്ദ്‌ശെഹര്‍ ജില്ലയിലെ ചൌരാര ഗ്രാമത്തിലെ താമസക്കാരിയായായ ഗുലിസ്താന്‍ എന്ന 18 കാരിക്കാണ് പ്രണയത്തിനു പകരം ജീവന്‍ നല്‍കേണ്ടി വന്നത്. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവുമായി പ്രണയത്തിലായതാണ് പിതാവിന്റെ കോപത്തിനു കാരണമായത്.

ഗുലിസ്താന്റെ ആദ്യ മൊഴി അനുസരിച്ച് പിതാവ് അസ്ഗറെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുന്നു. എന്നാല്‍, ജീവിതം മടുത്തതിനെ തുടര്‍ന്ന് താന്‍ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് യുവതി പിന്നീട് നല്‍കിയ മൊഴി എന്ന് പൊലീസ് പറയുന്നു.

വീടിനടുത്തുള്ള ഒരു കനാലിനരികിലാണ് പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത് എന്ന് പൊലീസ് അധുകൃതര്‍ പറയുന്നു. 55 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.