മോഡി നല്ല മനുഷ്യന്‍, മികച്ചയാള്‍ തന്നെ പ്രധാനമന്ത്രിയാവണം: സല്‍മാന്‍‌ഖാന്‍

Webdunia
ബുധന്‍, 15 ജനുവരി 2014 (11:35 IST)
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി ബോ‍ളിവുഡ് താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ജയ് ഹോയുടെ പ്രചാരണാര്‍ഥം ഗുജറാത്തിലെത്തിയ ശേഷമാണ് മോഡിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്താന്‍ ‘ആശംസ‘ നല്‍കി സല്‍മാന്‍ രംഗത്തെത്തിയത്

രാജ്യത്തെ ഏറ്റവും മികച്ച ആളായിരിക്കണം പ്രധാനമന്ത്രിയാകുന്നത്. എനിക്കരികില്‍ ഇതാ ഒരു നല്ല മനുഷ്യന്‍ നില്‍ക്കുന്നുവെന്നും മോഡിയെ ചൂണ്ടി താരം പറഞ്ഞു. ഗുജറാത്തില്‍എല്ലാവരും സന്തുഷ്ടരാണ്. നരേന്ദ്രമോഡിയെ ഇനിയും തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കണമെന്നും സല്‍മാന്‍ ഗുജറാത്തിലെ ആളുകളോട് പറഞ്ഞു.

സല്‍മാന്‍ ഖാന്‍ നരേന്ദ്രമോഡിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ വഴുതിമാറി. താന്‍ ഒരു സിനിമാ നടനാണ് എന്നും തനിക്ക് രാഷ്ട്രീയത്തില്‍ പരിമിതമായ അറിവാണുള്ളതെന്നുമായിരുന്നു താരത്തിന്റെ മറുപടി.

എന്നാല്‍ തന്റെ വോട്ട് പ്രിയാദത്തിനാണെന്നും സല്‍മാന്‍ പറഞ്ഞു. ഓരോ സ്ഥലത്തും മികച്ച ആള്‍ ഓരോരുത്തരായിരിക്കും. ബാന്ദ്രയില്‍ പ്രിയാദത്താണ് തങ്ങള്‍ക്ക് മികച്ച സ്ഥാനാര്‍ഥി. ഇവിടെ അത് നരേന്ദ്രമോഡിയായിരിക്കും.

മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയ സല്‍മാന്‍ ഖാന്‍ അവിടത്തെ ബി ജെ പി സര്‍ക്കാരിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും പുകഴ്ത്തി സംസാരിച്ചിരുന്നു