മോഡി എത്ര പണം നല്‍കിയെന്ന് മാധ്യമങ്ങളോട് ഡല്‍ഹി നിയമമന്ത്രി; പിന്നാലെ മാപ്പും

Webdunia
ശനി, 25 ജനുവരി 2014 (15:12 IST)
PRO
തനിക്കെതിരായ ആരോപണം ഉന്നയിക്കാന്‍ മോഡി എത്ര പണമാണ് നല്‍കിയെന്ന് മാധ്യമങ്ങളോട് ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി.

ഡല്‍ഹിയില്‍ ഉഗാണ്ടന്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ രാത്രി റെയ്ഡ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ദേഷ്യപ്പെട്ടാണ് മന്ത്രി മാധ്യമങ്ങളോട് ചോദ്യമുന്നയിച്ചത്.

ഡല്‍ഹി വനിതാകമ്മീഷനെതിരേയും സോംനാഥ് ഭാരതി രംഗത്തു വന്നു. വനിതാകമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സോംനാഥ് ഭാരതി ആരോപിച്ചു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണെന്നും തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഭാരതി പറഞ്ഞു. വനിതാ കമ്മീഷനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മോഡിക്കെതിരേ നടത്തിയ പ്രസ്താവന പിന്‍വലിച്ച് സോംനാഥ് ഭാരതി പിന്നീട് മാപ്പു പറഞ്ഞു. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല അത്തരത്തില്‍ പറഞ്ഞതെന്നും ഭാരതി വ്യക്തമാക്കി.