2023-ലെ സ്ലീപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍! വിജയങ്ങള്‍ കൊണ്ടുവന്നത് നവാഗത സംവിധായകര്‍

കെ ആര്‍ അനൂപ്
വെള്ളി, 29 ഡിസം‌ബര്‍ 2023 (12:19 IST)
200ലധികം സിനിമകള്‍ ഈ വര്‍ഷം തിയേറ്റുകളില്‍ എത്തിയപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ആയത് ചെറിയ എണ്ണത്തിന് മാത്രം. നവാഗതരാണ് പ്രേക്ഷക മനസ്സ് തിരിച്ചറിഞ്ഞ് സിനിമകള്‍ ചെയ്തത്.സ്ലീപ്പര്‍ ഹിറ്റടിച്ച സിനിമകളും പുതിയ സംവിധായകരുടെതായിരുന്നു.

രോമാഞ്ചം
2023ലെ ആദ്യ വിജയം സ്വന്തമാക്കിയ ചിത്രം 'രോമാഞ്ചം'ആയിരുന്നു.നവാഗതനായ ജീത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തി. ജനുവരിയിലെ ക്ഷീണം തീര്‍ക്കാന്‍ ഈ ചിത്രത്തിനായി. 42 കോടി കേരളത്തില്‍നിന്ന് നേടിയ ചിത്രം ആഗോളതലത്തില്‍ നിന്ന് 70 കോടിയില്‍ കൂടുതല്‍ നിര്‍മാതാവിന് നേടിക്കൊടുത്തു.

മധുര മനോഹര മോഹം
വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു മധുര മനോഹര മോഹം.പ്രമുഖ വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റ ചിത്രം ജൂലൈയില്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. നാലു കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍നിന്ന് 7 കോടിയും ആഗോളതലത്തില്‍ നിന്ന് 10 കോടി നേടി വിജയമായി.
 
നെയ്മര്‍
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. കോമഡി ഡ്രാമ 2023ലെ സ്ലീപ്പര്‍ ഹിറ്റാണ്.
മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ നിന്ന് ഈ കുഞ്ഞ് സിനിമ 10 കോടിയില്‍ കൂടുതല്‍ നേടിയിരുന്നു. മൂന്നു കോടിയോളം ആണ് സിനിമയുടെ ബജറ്റ്.
 
2018
മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി 2018 മാറിയിരുന്നു. 175 കോടിക്ക് മുകളില്‍ ചിത്രം നേടിയെന്നാണ് വിവരം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ തൊട്ടതും 2018 തന്നെയാണ്.കേരളക്കര 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. കേരളത്തിന് പുറത്തും 2018 ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് നാടുകളില്‍ നിന്ന് 10 കോടിയിലധികം സിനിമ നേടി.തമിഴിലും കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചു.സോണി ലിവിലാണ് ചിത്രം ഒ.ടി.ടി റിലീസായത്.
 
ആര്‍ഡിഎക്‌സ്
ഈ വര്‍ഷത്തെ ഓണം വിന്നര്‍ ആര്‍ഡിഎക്‌സ് ആണെന്ന് നിസംശയം പറയാം. 100 കോടി കളക്ഷന്‍ ചിത്രം നേടി. 
റിയലിസ്റ്റിക് ഡ്രാമ സിനിമകളുടെ ട്രാക്ക് മാറ്റി മോളിവുഡ് ആക്ഷന്‍ പായ്ക്ക്ഡ് മാസ്സ് മസാല ചിത്രങ്ങളെ സ്‌നേഹിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നഹാസ് ഹിദായത്ത് സംവിധാനം 'ആര്‍ഡിഎക്‌സ്' മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. 2023ല്‍ മുതല്‍ പിറന്ന മികച്ച ഒരു അടിപടമായി മാറി ആര്‍ഡിഎക്‌സ്. 
 
ഗരുഡന്‍
മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്ത 'ഗരുഡന്‍' ഈ വര്‍ഷത്തെ സ്ലീപ്പര്‍ ഹിറ്റ് ചിത്രമായി മാറി. ഏഴു കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 17 കോടിക്ക് മുകളില്‍ നേടി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article