നാലാങ്കല്‍ കൃഷ്‌ണപിള്ള

Webdunia
കവി എന്നതുപോലെ ക്ഷേത്ര ചരിത്രകാരന്‍ എന്ന നിലയിലും നാലാങ്കല്‍ കൃഷ്‌ണപിള്ളക്ക്‌ പ്രാമണിത്തമുണ്ട്‌.
കോട്ടയത്തെ ഒളശ്ശയില്‍ സെപ്‌റ്റംബര്‍ 15 നാണ്‌ നാലാങ്കല്‍ ജനിച്ചത്‌ വിവിധ കോളജുകളില്‍ ചരിത്രാധ്യാപകനായും വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറായും ജോലി ചെയ്തു.

അദ്ദേഹം രചിച്ച "മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍' എക്കാലത്തും ശ്രദ്ധേയമായ ഗ്രന്ഥമായിരിക്കും.തന്‍റെ കവിതകളിലെന്നപോലെ സ്വച്ഛമായ ആഖ്യാന ശൈലിയാണ്‌ ഈ ഗ്രന്ഥ രചനയിലൂം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌.

ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന്‌ വെണ്ണിക്കുളം പ്രശംസിച്ചവയാണ്‌ നാലാങ്കലിന്‍റെ ഭാവഗീതങ്ങള്‍. ഭാവഗീതത്തിന്‍റെ വിലോലതയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടി അലിയിച്ച്‌ തനതായ കാല്പനിക ശൈലി കൈവരിക്കുന്നതാണ്‌ നാലാങ്കല്‍ കൃഷ്‌ണപിള്ളയുടെ കവിത.

കൃഷ്‌ണതുളസിക്ക്‌ ഓടക്കുഴല്‍ അവാര്‍ഡും (1976), ഡിസംബറിലെ മഞ്ഞുതുള്ളികള്‍ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1980) ലഭിച്ചു.
കൃതികള്‍ :

കവിത - രാഗതരംഗം, ശോകമുദ്ര, വസന്തകാന്തി, രത്നകങ്കണം, ആമ്പല്‍പൊയ്ക, പൂക്കൂട, പ്രിയദര്‍ശനി, സൗഗന്ധികം, കസ്തൂരി, സിന്ദൂരരേഖ, ഉദയഗിരി ചുവന്നു, കൃഷ്‌ണതുളസി, ഡിസംബറിലെ മഞ്ഞുതുള്ളികള്‍

ജീവചരിത്രം - സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ്‌ നെഹ്‌റു, സ്റ്റാലിന്‍.
1991 ജൂലൈ രണ്ടിന്‌ നാലാങ്കല്‍ അന്തരിച്ചു.


സര്‍ക്കസ്‌ താര ം
നാലാങ്കല്‍ കൃഷ്‌ണപിള്ള

( ഡിസംബറിലെ മഞ്ഞുതുള്ളികളില്‍ (1979) നിന്നെടുത്ത കവിതയാണ്‌ .
ആ കവിതയുടെ തുടക്കം.)

കബനീ നദിയിലൂടൊഴുകിയൊരു ജഡം
കസവു കീറിപ്പോയ മന്ത്രികോടിയെപ്പോല

" മേഫ്ളവര്‍' മരം പൊട്ടിച്ചിരിച്ചു; വസുന്ധര
മേനിയില്‍ വീണ്ടും ചാര്‍ത്തി ഹരിദ്വര്‍ണ്ണമാം സാരി

ഗുല്‍മോഹര്‍ദ്രുമരാജി, പാതയില്‍ നീങ്ങുന്നോരെ
സാകൂതം, കടാക്ഷിച്ചു, പട്ടുലേസുകള്‍ വീശി

മറന്നേ പോയ ഗാനശകലം കണ്ടെത്തുന്നു.
പറവക്കൂട്ടം, വിടവാങ്ങി ഫാല്‍ഗുനമാസം ......

മൈതാനമദ്ധ്യേ സര്‍ക്കസ്‌ കൂടാരം തലപൊക്കി
പ്രാതലിന്‍ശേഷം പക്ഷംവിരുത്തും പരുന്തുപോല്‍

ആനയും കരടിയും മൃഗേന്ദ്രന്‍, ചിംപാന്‍സിയും
കാനനമുഖമന്ദ്ര പേര്‍ത്തുമാ "ടെന്‍റി'ന്നേകി

സിരകള്‍ തരിപ്പിക്കുമവതന്‍ പ്രകടന
പരിപാടിയെച്ചൊല്ലിപ്പറന്നു നോട്ടീസുകള്‍

ജീവനെപ്പണയം വച്ച സംഖ്യമഭ്യാസിക-
ളാവേശകരങ്ങളാം കാഴ്‌ച കണ്ണിനു വെയ്ക്കും.


ട്രപ്പീസിലവ്യാഹൃതവിദ്യകള്‍ പ്രയോഗിപ്പാ-
നുല്‍പലേക്ഷണയുണ്ടു, തമ്പിന്‍റെ പൂവമ്പു പോല്‍

അവള്‍തന്‍ ചെന്താമരവിരിയും കവിള്‍ത്തട്ടും
പവിഴാധരോഷ്‌ഠവും, മീനലോചനങ്ങളും

വാര്‍ത്തെടുത്തപോലുള്ള മെയ്യിന്‍റെ ഘടനയും
കീര്‍ത്തിതന്‍ വീരാളിപ്പട്ടാ, രംഗവേദിക്കേകി.

ഗോതമ്പിന്‍നിറം വയ്ക്കുമവള്‍തന്‍ ഗാത്രശ്രീയില്‍
സ്നാതമായെക്കൊട്ടകതന്നുടെയന്തര്‍നാളം

കണ്ടിട്ടില്ലാരുമിമ്മട്ടയത്നലളിത, മുള്‍-
കാമ്പിനെയിളക്കുന്ന കായികാഭ്യാസങ്ങള്‍

അവള്‍തന്‍ ലയാത്മകമാമംഗചലനങ്ങള്‍
വിവരിക്കുവാനില്ല വാക്കുകള്‍ നിഘണ്ടുവില്‍

.......................................................................