അക്കിത്തമെന്ന എഴുത്തച്ഛന്‍

Webdunia
PROPRO
മലയാളിയുടെ ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസകാരനായ അക്കിത്തത്തിന്‌ പരമോന്നത സാഹിത്യ പദവി നല്‌കുമ്പോള്‍ തിളക്കം ലഭിക്കുന്നത്‌ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനാണ്‌.

“വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം” എന്ന്‌ ഉള്‍കാഴ്‌ചയോടെ ചൂണ്ടികാട്ടിയ കവിയുടെ കാല്‌പാദങ്ങളില്‍ മലയാള ഭാഷക്കും സാഹിത്യത്തിനും നല്‌കിയ സമഗ്രസംഭാവനയുടെ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന്‌ കേരളത്തിന്‍റെ സാംസ്‌കാരികമന്ത്രി എം എ ബേബി പ്രഖ്യാപിച്ചപ്പോള്‍ ‘പര പര പര പരമ പാഹിമാം പരമാനന്ദം എന്നതേ പറയാവു’ എന്ന എഴുത്തച്ഛന്‍ വരികളാണ്‌ മഹാകവി ചൊല്ലിയത്‌.

സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദനൊപ്പം കവിയുടെ അയ്യന്തോളിലുള്ള അത്രേശ്ശേരി മനയിലെത്തിയാണ്‌ മന്ത്രി പുരസ്‌കാരം പ്രഖ്യാപിച്ചത്‌. അടുത്തു തന്നെ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാളിയുടെ പ്രിയപ്പെട്ട കവി ഒ എന്‍ വി കുറുപ്പ്‌ അധ്യക്ഷനായ സമിതിയാണ്‌ മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന കവിയെ ഈ പുരസ്‌കാരത്തിന്‌ നിര്‍ദേശിച്ചത്‌. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങുന്നതാണ്‌ പുരസ്കാരം.

അമേറ്റൂര്‍ അക്കിത്തത്ത്‌ മനയിലെ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനത്തിന്‍റേയും മകനായി 1926 മാര്‍ച്ച്‌ 18ന്‌ കാര്‍ത്തിക നക്ഷത്രത്തില്‍ കുമരനല്ലൂരില്‍ ആണ്‌ ജനനം. വിശ്വപ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം നരായണന്‍ സഹോദരനാണ്‌. കീഴായൂര്‍ ആലമ്പിള്ളി മനയ്ക്കല്‍ ശ്രീദേവീ അന്തര്‍ജനമാണ്‌ ഭാര്യ.

PROPRO
എണ്‍പതത്തിരണ്ടാം വയസ്സിലും കവി കര്‍മ്മനിരതനാണ്. ബിരുദമോ സ്ഥാനമാനങ്ങളോ ഇല്ലാതെ ജ്ഞാനത്തിന്‍റെ ഉള്‍ക്കഴ്ച കൊണ്ട് ആധുനിക മലയാള കവികളുടെ കൂട്ടത്തില്‍ വ്യത്യസ്തനായി.

സംസ്കൃതവും, സംഗീതവും ജ്യോതിഷവുമാണ്‌ അക്കിത്തം പഠിച്ചത്‌. സമാന്യം നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും. പക്ഷെ സമുദായ പ്രവര്‍ത്തകനായാണ്‌ അക്കിത്തത്തിന്‍റെ തുടക്കം. ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നെ പത്രപ്രവര്‍ത്തകനായി; മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി.

1956 മുതല്‍ കോഴിക്കോട്‌ ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ്‌ എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 75 മുതല്‍ തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍) തുടങ്ങി അമ്പതോളം കൃതികളുണ്ട്‌ അക്കിത്തത്തിന്‍റേതായി.

കാവ്യനിര്‍മ്മാണം അക്കിത്തത്തിന്‌ വലിയൊരു തപസ്യയായിരുന്നു. തപസ്യയുടെ അദ്ധ്യക്ഷനായും അക്കിത്തം ഏറെ നാള്‍ പ്രവര്‍ത്തിച്ചു.

മഹാകവി അക്കിത്തം എഴുതിയ സ്വതന്ത്ര കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം ഡി സി ബുക്ക്‌സ്‌ പുറത്തിറക്കിയിട്ടുണ്ട്‌. 2004ലെ-അമൃതകീര്‍ത്തി പുരസ്കാരത്തിന്‌ മഹാകവി അക്കിത്തം അര്‍ഹനായി.

PROPRO
വൈദിക സാഹിത്യപോഷണം, ആധ്യാത്മിക പ്രചാരണം, കാവ്യോപാസന എന്നീ വിഷയങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ അദ്ദേഹത്തിന് പുരസ്കാരം സമര്‍പ്പിച്ചത്.

മലയാള സാഹിത്യത്തിന്‌ നല്‍കിയ സമഗ്ര സംഭാവനയെയും "ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതി ഹാസം" എന്ന കൃതിയെയും മുന്‍നിര്‍ത്തി മഹാകവി അക്കിത്തത്തിന്‌ സഞ്ജയന്‍ പുരസ്കാരവും ലഭിച്ചു. തപസ്യയാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

1972 ല്‍ ബലിദര്‍ശനത്തിന്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡ്‌ ലഭിച്ചു.73ല്‍ കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡും 74 ല്‍ അക്കിത്തത്തിനായിരുന്നു ഓടക്കുഴല്‍ അവാര്‍ഡ്‌. പത്മപ്രഭാ പുരസ്കാരത്തിന്‌ 2002ല്‍ മഹാകവി അക്കിത്തം അര്‍ഹനായി.

ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും സ്വച്ഛതയും ആത്മസത്തയുടെ അഗാധതയും ജീവിതത്തെ യജ്ഞമായിക്കാണുന്ന അക്കിത്തത്തിന്‍റെ കവിതയിലും വാര്‍ന്നുവീണിരിക്കുന്നു.