റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുളള ലോക്സഭാ മണ്ഡലമായിരുന്നു കൊല്ലം. ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായരാണ് ദീര്‍ഘകാലം കൊല്ലം ലോകസഭാ മണ്ഡലത്തിന്‍റെ പ്രതിനിധിയായിരുന്നത്.
1980 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ഐയിലെ ബി കെ നായര്‍ എന്‍ ശ്രീകണ്ഠന്‍ നായരെ തോല്‍പ്പിച്ചു. പിന്നീട് 1984, 1989, 1991 വര്‍ഷങ്ങളിലും ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീടുകണ്ടത്.
യുവ നേതാവായിരുന്ന എന്‍ കെ പ്രേമചന്ദ്രനിലൂടെയാണ് ആര്‍ എസ് പി കൊല്ലം ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കുന്നത്. 1998ലും പ്രേമചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു.പക്ഷേ 1999ല്‍ നടന്ന പതിമൂന്നാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഭാഗീയത ചൂണ്ടിക്കാട്ടി സിപിഎം ആര്‍എസ്പിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു.
പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച പി രാജേന്ദ്രന്‍ 1999ല്‍ വിജയിച്ചു. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എന്‍ പീതാംബരക്കുറുപ്പ് 17,531 വോട്ടിന് എല്‍ ഡി എഫിലെ പി രാജേന്ദ്രനെ പരാജയപ്പെടുത്തി.
തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സിറ്റിംഗ് എംപിയായ പീതാംബരക്കുറുപ്പിന് ബാധിച്ച വിവാദം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.
ലോക്‌സഭാ സീറ്റിന് അവകാശ വാദവുമായി ആര്‍എസ്പി രംഗത്തെത്തിയത് സിപിഎമ്മില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം സീറ്റ് തിരികെ നല്‍കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ആര്‍എസ്‌പിക്ക് സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിച്ചാല്‍ എന്‍ കെ പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത.പ്രേമചന്ദ്രന്‍ വളരെ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയാണ്.
ശ്വേതാ മേനോന്‍ വിവാദത്തോടെ പ്രതിച്ഛായക്ക് കോട്ടമൊന്നും വന്നില്ലെന്ന് അവകാശപ്പെടുമ്പോഴും ആദ്യഘട്ടത്തില്‍ പീതാംബരക്കുറുപ്പിനെ ഐ ഗ്രൂപ്പ് തള്ളിപ്പറഞ്ഞതും പീതാംബരക്കുറുപ്പിന് സീറ്റ് സംബന്ധിച്ച് സംശയം ഉയരാന്‍ കാരണമായി.
അപമാനിച്ചത് ആരാണെന്ന് ശ്വേതാമോനോന്‍ പറയുന്നത് മുന്‍പ് തന്നെ കുറുപ്പിനെ സംശയത്തിന്‍റെ നിഴലിലാക്കിയത് ഒപ്പം നിന്നവര്‍ നടത്തിയ പ്രസ്താവനയായിരുന്നു. പക്ഷേ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കുറുപ്പ് തന്നെയാകും കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെന്ന് ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.
കുറുപ്പിന് പകരം പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയായാല്‍ മണ്ഡലത്തില്‍ കടുത്ത മത്സരത്തിന് സാധ്യതയുണ്ട്. കേന്ദ്രമന്ത്രിയായ കെ സി വേണുഗോപാല്‍ കൊല്ലത്ത് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ആലപ്പുഴ മണ്ഡലം വിടുമെന്നത് സംശയമാണ്. ഐഎന്‍ടിയുസി. സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരാണ് കൊല്ലത്തുനിന്നും മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന സ്ഥാനാര്‍ഥി.
ആര്‍എസ്പിക്ക് സീറ്റ് നല്‍കില്ലെന്ന് തീരുമാനിച്ച് സിപിഎം തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ 99ല്‍ കോണ്‍ഗ്രസ്സിലെ എംപിഗംഗാധരനെയും 2004ല്‍ ശൂരനാട് രാജശേഖരനെ (കോണ്‍)യും പരാജയപ്പെടുത്തിയ പി രാജേന്ദ്രന് തന്നെയാണ് സാധ്യത. നിലവിലെ എംഎല്‍എയായ എം എ ബേബി, മുന്‍ കുണ്ടറ എംഎല്‍എയായ ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരുമാണ് മറ്റ് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍
പത്മജ സ്ഥാനര്‍ഥിയാവുമ്പോള്‍ എതിരെ ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നു വന്നാല്‍ മേഴിസ്ക്കുട്ടിയമ്മക്കാവും മുന്‍തൂക്കം. പക്ഷേ മേഴ്സിക്കുട്ടിയമ്മ വിഎസ് അനുയായിയാണെന്നതും സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായകമാകും. നടന്‍ മുകേഷ്, സിപിഎം രാജ്യസഭാ എംപി എന്‍ ബാലഗോപാല്‍, വരദരാജന്‍, പി ആര്‍ വസന്തന്‍ എന്നിവരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
മേഖലയിലെ കശുവണ്ടിത്തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ കൊല്ലത്തെ എം പിയെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കും.