സോണിയയ്ക്ക് പകരം ആര്? റായ് ബറേലി നിലനിര്‍ത്താന്‍ പ്രിയങ്ക !

WEBDUNIA
വ്യാഴം, 22 ഫെബ്രുവരി 2024 (09:13 IST)
ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായി എത്തിയേക്കും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കടുത്ത വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്ന വോട്ടര്‍മാരോട് തുടര്‍ന്നും തന്റെ കുടുംബത്തിനു പിന്തുണ വേണമെന്നാണ് രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ് ബറേലിയിലെ വോട്ടര്‍മാരോട് സോണിയ പറഞ്ഞത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും റായ് ബറേലിയിലെ അടുത്ത സ്ഥാനാര്‍ഥിയെന്ന സൂചന നല്‍കുന്ന വാക്കുകളാണ് ഇത്. 
 
രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ റായ് ബറേലിയില്‍ മത്സരിക്കുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അമേഠിയില്‍ രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അമേഠി ഉപേക്ഷിച്ച് റായ് ബറേലിയിലേക്ക് എത്തിയാല്‍ അത് ബിജെപി രാഷ്ട്രീയ ആയുധമാക്കും. അമേഠിയിലെ സിറ്റിങ് എംപിയായ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ റായ് ബറേലിയിലേക്ക് പോകുന്നതെന്ന് ബിജെപി പ്രചരണം നടത്തും. അതുകൊണ്ട് അമേഠിയില്‍ തന്നെ മത്സരിക്കാനാണ് രാഹുലിനു താല്‍പര്യം. ഒപ്പം ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയേക്കും. 
 
രാഹുല്‍ അമേഠിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും പ്രിയങ്ക ഗാന്ധി തന്നെയായിരിക്കും റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മുക്ത യുപി സ്വപ്‌നം കാണുന്ന ബിജെപി അമേഠി പിടിച്ചെടുത്തത് പോലെ റായ് ബറേലിയും സ്വന്തമാക്കാന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. അതുകൊണ്ട് കരുത്തയായ സ്ഥാനാര്‍ഥി തന്നെ റായ് ബറേലിയിലും വേണമെന്നാണ് എഐസിസി നിലപാട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,67,178 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് സോണിയ റായ് ബറേലി നിലനിര്‍ത്തിയത്. 2004 മുതല്‍ തുടര്‍ച്ചയായി നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സോണിയ തന്നെയാണ് ജയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article