Rahul Gandhi: ഇത്തവണ ചുരം കയറാന്‍ ഇല്ല ! വയനാട് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി രാഹുല്‍ ഗാന്ധി

WEBDUNIA

വ്യാഴം, 22 ഫെബ്രുവരി 2024 (08:53 IST)
Rahul Gandhi: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നു മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറിയതായി റിപ്പോര്‍ട്ട്. യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് സംഘപരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി തീരുമാനം മാറ്റിയത്. ഉത്തര്‍പ്രദേശിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ തന്നെ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നാകും രാഹുല്‍ ഇത്തവണ ജനവിധി തേടുക. തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ ബിജെപി സ്വാധീന മണ്ഡലങ്ങളാണ് ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ പരിഗണിക്കുന്നത്. 
 
രാഹുല്‍ വീണ്ടും വയനാട് മത്സരിക്കുമെന്നാണ് യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും പ്രതീക്ഷിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളും തുടങ്ങിയതാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയതെന്ന പ്രചരണം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എഐസിസി നേതൃത്വം യു ടേണ്‍ അടിച്ചത്. അതേസമയം ഇത്തവണ രാഹുല്‍ അമേഠിക്ക് പകരം റായ്ബറേലിയില്‍ ആകും മത്സരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് 64.64 ശതമാനം വോട്ടുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. എല്‍ഡിഎഫിന് 25.13 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സിപിഐയുടെ മണ്ഡലമായ വയനാട്ടില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍