K.Surendran: തിരഞ്ഞെടുപ്പില്‍ വീണ്ടും തോല്‍വി വഴങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തവണ ജനവിധി തേടിയത്. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനു വേണ്ടിയാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയത്. എന്നാല്‍ ബിജെപിയുടെ ഈ പ്ലാന്‍ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് വോട്ടെണ്ണിയപ്പോള്‍ കണ്ടത്.
വയനാട് മണ്ഡലത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ട് പോലും സുരേന്ദ്രനു ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നല്‍കിയ അപ്‌ഡേറ്റ് അനുസരിച്ച് 1,41,045 വോട്ടുകളാണ് സുരേന്ദ്രനു ലഭിച്ചിരിക്കുന്നത്. ആറര ലക്ഷത്തോളം വോട്ട് പിടിച്ച രാഹുല്‍ ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ 2,83,023 വോട്ടുകള്‍ പിടിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തോറ്റിരുന്നു. അതിനുശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തോറ്റു.