Breaking News: വമ്പന്‍ ട്വിസ്റ്റുമായി കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ക്ലൈമാക്‌സിലേക്ക്. പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെ തൃശൂരിലെ കോണ്‍ഗ്രസ് വോട്ടുകള്‍ നിലനിര്‍ത്താന്‍ കെ.മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. വടകര എംപിയായ മുരളീധരന്‍ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ടി.എന്‍.പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ല.
പദ്മജയുടെ ബിജെപി പ്രവേശനം തൃശൂരില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. മുരളീധരനോടും പ്രതാപനോടും കെപിസിസി നേതൃത്വം സംസാരിച്ചിട്ടുണ്ട്. പ്രതാപന് നിയമസഭാ സീറ്റ് നല്‍കാമെന്ന ഫോര്‍മുലയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്നോട്ടുവെച്ചത്.
മുരളീധരന്‍ തൃശൂരിലേക്ക് എത്തുമ്പോള്‍ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് ഷാഫി പറമ്പിലിനെയാണ്. ഷാഫി മത്സരിക്കുന്നില്ലെങ്കില്‍ ടി.സിദ്ധിഖിനെ സ്ഥാനാര്‍ഥിയാക്കും. വയനാട് രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.സുധാകരനും വീണ്ടും ജനവിധി തേടും.