തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക മത്സരിക്കും. അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് റായ് ബറേലി. 2004 മുതല്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ ഗാന്ധി. 2019 ലെ തിരഞ്ഞെടുപ്പില്‍ 1,67,178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ വിജയിച്ചത്.
ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് സോണിയ നേരത്തെ തീരുമാനമെടുത്തിരുന്നു. സോണിയയ്ക്ക് പകരം പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാട്. റായ്ബറേലി എംപി ആയിരുന്ന സോണിയ കഴിഞ്ഞമാസം രാജ്യസഭയിലേക്ക് മാറിയിരുന്നു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്കഗാന്ധിയെ റായ്ബറേലിയിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിറഞ്ഞിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രിയങ്കഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്ന് പറയുന്നത്.