Ramya Haridas: ആലത്തൂരില്‍ രമ്യ ഹരിദാസ് മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിയും ജനകീയ സിപിഎം നേതാവുമായ കെ.രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ രമ്യയുടെ സാധ്യതകള്‍ അടഞ്ഞെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തെ പോലെ അനായാസം ജയിക്കുന്ന സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്ളതെന്നും എംപി എന്ന നിലയില്‍ രമ്യയുടെ പ്രകടനം ശരാശരി മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവെ ഉള്ള അഭിപ്രായം. രമ്യക്ക് പകരം മറ്റ് ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വവും ആഗ്രഹിക്കുന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചത്. അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ രമ്യക്ക് സാധിച്ചു. സിപിഎം സ്ഥാനാര്‍ഥിയായ പി.കെ.ബിജുവായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണ കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ സിപിഎമ്മിന് പുറത്തുനിന്നുള്ള നിഷ്പക്ഷ വോട്ടുകളും എല്‍ഡിഎഫിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് വിലയിരുത്തല്‍. രാധാകൃഷ്ണന്റെ ജനകീയതയെ മറികടക്കാന്‍ രമ്യക്ക് സാധിക്കുമോ എന്ന കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമുണ്ട്.