ടോം വടക്കന്‍ ബി.ജെ.പി സംസ്ഥാന ഘടനം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ടോം വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കു ചേക്കേറിയതിനു പിന്നാലെ ടോം വടക്കൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
തൃശ്ശൂരില്‍ ടോം വടക്കന്‍ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ട്. ടോം വടക്കന്‍ വരുന്നതുകൊണ്ടോ വരാതിരുന്നതുകൊണ്ടോ അതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ് ടോം വടക്കന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.
അതേ സമയം ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. ദില്ലിയിൽ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പട്ടികയിലുണ്ടാകും. മോദി വാരാണസിയിലാകും മത്സരിക്കുക. അതേസമയം ഭരണവിരുദ്ധ വികാരം ഒഴിവാക്കാനായി, ചില സിറ്റിംഗ് എംപിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനും സാധ്യതയുണ്ട്.