പി സി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി എൻഡിഎയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപി നേതാക്കളുമായി ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി പിസി ജോർജ് ബിജെപി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോർജ് ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ പുതിയ രാഷ്ട്രീയ നീക്കത്തിൽ പ്രതികരിക്കാൻ പിസി ജോർജ് തയ്യാറായിട്ടില്ല. മുന്നണി പ്രവേശനത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് പിസി ജോർജ് പിന്മാറിയതെന്നാണ് വിവരം. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.
ശബരിമല വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടാണ് പി സി ജോർജ് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പിസി ജോർജ് കറുപ്പണിഞ്ഞ് നിയമസഭയിൽ എത്തിയിരുന്നു. ഇതിന് പുറമേ ബിജെപിയുടെ ഏക എംഎൽഎയായ ഓ രാജഗോപാലിനൊടോപ്പം നിയമസഭയിൽ ഇരുന്ന് എൻഡിഎ മുന്നണിയിലേക്ക് പോകുന്നുവെന്ന പ്രതീതിയും പിസി ജോർജ് സൃഷ്ടിച്ചിരുന്നു.