ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതിന് പിറകെ തിരഞ്ഞെടുപ്പ് ചിത്രം പൂർണമാവുന്നു. ഇന്നലെ വരെ സംസ്ഥാനത്ത് ആകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവസാന ദിനമായിരുന്ന ഇന്നലെ മാത്രം 149 പേർ പത്രിക നൽകി. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ് ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിലും ആറ്റിങ്ങലിലുമാണ് കൂടുതൽ സ്ഥാനാര്‍ത്ഥികളുള്ളത്. 23 പേരാണ് ഇരു മണ്ഡലങ്ങളിലും പത്രിക സമർപ്പിച്ചിട്ടുള്ളത്.
ഇടുക്കിയാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 9 പേരാണ് ഇവിടെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി. ഇതോടെ ഡമ്മി പത്രികകൾ ഉൾപ്പെടെ പിൻവലക്കപ്പെടുന്നതോടെ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരും.
അതേസമയം, അപരൻമാരുടെ ബാഹുല്യവും ഇത്തവണയുണ്ട്. വയനാട്ടില്‍ കോൺഗ്രസ് അധ്യക്ഷന് മാത്രം മുന്ന് അപരൻമാരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി എന്ന് തന്നെ പേരുള്ള കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധി. തമിഴ്നാട് സ്വദേശി കെ രാഗുല്‍ ഗാന്ധി. തൃശൂർ സ്വദേശിയായ കെ ശിവ പ്രസാദ് ഗാന്ധി എന്നിവരാണ് രാഹുലിനെതിരെ മത്സരരംഗത്തുള്ളത്. ഇതിന് പുറമെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ നാലും എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിനെതിരെ മൂന്നു പത്രികയും അപരൻമാർ നൽകിയിട്ടുണ്ട്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് മൂന്നും എൽഡിഎഫ് സ്വതന്ത്രൻ പിവി അൻവറിന് രണ്ടും അപരൻമാരുണ്ട്.
അതിനിടെ, പത്തനംതിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഇന്നലെ രണ്ടാമതും പുതിയ പത്രിക സമർപ്പിച്ചു. തങ്ങളുടെ പേരിലുള്ള കേസുകൾ സംബന്ധിച്ച കണക്കുകളിലെ വ്യത്യാസമാണ് ഇരുവർക്കും വീണ്ടും പത്രിക സമർപ്പിക്കേണ്ടി വന്നതിന്റെ പിന്നിൽ. തന്റെ പേരിൽ 20കേസുകൾ ഉണ്ടെന്നായിരുന്നു കെ സുരേന്ദ്രൻ ആദ്യം സമർപ്പിച്ച നാമനിദ്ദേശ പത്രികയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഇത്തവണ സമർപ്പിച്ചപുതിയ സത്യവാങ്ങ്മൂലത്തിൽ പേരിൽ 240 കേസുകളുണ്ടെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. 11 കേസുകളുണ്ടെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആദ്യ നാമനിർദ്ദേശ പത്രികയിൽ ചൂണ്ടിക്കാട്ടിയത്. മാറ്റി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ 38 കേസുകളുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.