പന്നിയുടെ ഉത്തരം

Webdunia
ഇടയന് കാട്ടില്‍ നിന്നും ഒരു പന്നിക്കുട്ടിയെ കിട്ടി. തന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഓമനിച്ചു തന്നെ അയാളതിനെ വളര്‍ത്തുകയും ചെയ്തു.
മാസങ്ങള്‍ കടന്നുപോയി. ആട്ടിന്‍കുട്ടികള്‍ വളര്‍ന്നതോടൊപ്പം പന്നിക്കുട്ടിയും വളര്‍ന്നു. തടിയനും കൂറ്റനുമായി. ഇനിയും അതിനെ വളര്‍ത്തേണ്ട കാര്യമില്ല. ഇടയന്‍ തീരുമാനിച്ചു.പറ്റിയ ദിവസം നോക്കി കൊല്ലണം. എന്നിട്ട് സുഖമായി പന്നിയിറച്ചി കൂട്ടി മതിയാവോളം ഉണ്ണണം.

ഒടുവില്‍ സ്വസ്ഥതയുള്ള ഒരു ദിവസം ഇടയന്‍ പന്നിയെ വെട്ടാനൊരുങ്ങി. കൂട്ടില്‍ നിന്നും അതിനെ പിടിച്ചിറക്കിക്കൊണ്ടു വരുമ്പോള്‍ അത് ഉറക്കെ നിലവിളിച്ചു. കുതറിയോടാന്‍ ശ്രമിച്ചു. അപ്പോള്‍ ആടുകള്‍ പറഞ്ഞു. വിഷമിക്കണ്ട പന്നിക്കുട്ടാ എന്തിനു കരയണം. ഞങ്ങളെയും യജമാനന്‍ ഇതുപൊലെ പുറത്തേക്ക് കൊണ്ടുപോകാറുണ്ടല്ലോ. മേയാനും, പാലു കറക്കാനുമൊക്കെ. ഞങ്ങള്‍ കരയാറില്ലല്ലോ.

ഉടന്‍ പന്നി പറഞ്ഞു. " അതു ശരിയാ നിങ്ങളെയൊക്കൊണ്ടുപോകുന്നതുപോലെയല്ല എന്നെ. എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണ്. ഞാനെങ്ങനെ കരയാതിരിക്കും.

ആട്ടിന്‍പറ്റം നിശബ്ദമായി.