സംസ്ഥാനത്തെ ഡിജിപി ആര് ? മുഖ്യമന്ത്രി ഉത്തരം നല്‍കണം, പ്രതിഷേധവുമായി പ്രതിപക്ഷം

Webdunia
ബുധന്‍, 3 മെയ് 2017 (10:48 IST)
നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്ത് നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി ആര് എന്ന ചോദ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുമായി ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ ബഹളം വയ്ക്കുകയായിരുന്നു. ആദ്യ ചോദ്യത്തില്‍ തന്നെ ബഹളം ശക്തമായതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 
സഭയില്‍ ഇന്നലെയും സംസ്ഥാനത്തെ ഡിജിപി ആര് എന്ന ചോദ്യം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്നലെ നടന്ന സഭാ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപി ആര് എന്ന ചോദ്യമുയർത്തിയത്. 
 
തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന് പറയാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും ബെഹ്റയെയും സർക്കാർ ഇതോടെ തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് ഇതിനെല്ലാം വഴിവച്ചതെന്നും രമേശ് ആരോപിച്ചിരുന്നു. എന്നാല്‍ ചെന്നിതലയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
Next Article