വി എം സുധീരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു. തന്‍റെ രാജി സുധീരന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അനാരോഗ്യമാണ് രാജിക്കുള്ള കാരണമായി സുധീരന്‍ വിശദീകരിച്ചത്. താന്‍ രാജിവയ്ക്കുന്ന കാര്യം ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിനെ സുവര്‍ണകാലത്തേക്ക് കൊണ്ടുപോകാനാണ് ലക്‍ഷ്യമിട്ടത്. എന്നാല്‍ ഇപ്പോള്‍ അനാരോഗ്യം അതിന് എന്നെ അനുവദിക്കുന്നില്ല. ഒരു ദിവസം പോലും മാറിനില്‍ക്കാന്‍ പറ്റാത്ത നിര്‍ണായക ഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഇടപെടാനും എല്ലായിടത്തും ഓടിയെത്താനും കഴിയാത്ത ആരോഗ്യ സാഹചര്യം ഇപ്പോഴുണ്ട്. അതുകൊണ്ടാണ് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് - സുധീരന്‍ പറഞ്ഞു.
ഞാന്‍ ഇന്നുതന്നെ രാജിക്കത്ത് അയക്കുന്നു. ബദല്‍ ക്രമീകരണം എത്രയും വേഗം എ ഐ സി സി കൈക്കൊള്ളും. ആരുടെയും എതിര്‍പ്പ് കാരണമല്ല, ആരോഗ്യകാരണങ്ങളാലാണ് രാജി. വേണമെങ്കില്‍ എനിക്ക് ലീവെടുക്കുകയോ മറ്റാരെയെങ്കിലും താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കുകയോ ചെയ്യാം. അതെന്‍റെ ശൈലിയല്ല. അത് ശരിയായ രീതിയുമല്ല. അതിന് എന്‍റെ മനസാക്ഷി അനുവദിക്കുന്നുമില്ല. എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു - സുധീരന്‍ പറഞ്ഞു.