മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്ന് റവന്യൂ മന്ത്രി; എ.ജിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (14:14 IST)
അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. റവന്യൂ വകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ല. കഴിഞ്ഞ ദിവസം എ ജി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്നും ചന്ദ്രശേഖരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റിയതിനെതിരെ താൻ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്തിന് മറുപടി നല്‍കാന്‍ എ ജി തയ്യാറായില്ല. ഈ രീതിയിലാണോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് പെരുമാറേണ്ടതെന്ന് എ.ജി ആലോചിക്കണം. എ.ജിക്ക് അതൃപ്തിയുണ്ടെങ്കിൽ അത് വാര്‍ത്താ സമ്മേളനം നടത്തിയല്ല മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
 
കോടതിയിൽ കേസ് ഏത് രീതിയിലാണ് വാദിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ എ.ജിക്ക് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ അധിപൻ താനാണ്. മാത്രമല്ല, വകുപ്പിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും താന്‍ തന്നെയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് എ.എ.ജി തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article