പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റിന്റെ ആവശ്യമുണ്ടോ? റേഷൻ കടകൾക്കല്ലേ തിരിച്ചറിയാൻ പ്രത്യേകം നിറം വേണ്ടത്: വിജിലൻസ് കോടതി

Webdunia
വെള്ളി, 12 മെയ് 2017 (13:37 IST)
പൊലീസ് സ്റ്റേഷൻ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്കെതിരായ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 20നകം വിശദീകരണം നൽകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ആവശ്യപ്പെട്ടു. 
 
സംസ്ഥാനത്തുള്ള മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ ഉൽപന്നം ഉപയോഗിച്ച് പെയിന്റിങ് നടത്തണമെന്ന വിവാദ ഉത്തരവിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ജി ഗിരീഷ്ബാബുവാണ് പരാതിക്കാരൻ.
 
എന്നാല്‍ ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു. പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപാണ് ബെഹ്റ വിവാദ നിർദ്ദേശം നൽകിയത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ബെഹ്റയ്ക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. 
 
കുടാതെ പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റടിക്കുന്നതിന് ബെഹ്റ പേരെടുത്ത് പറ‍ഞ്ഞ കമ്പനിയുമായി അദ്ദേഹത്തിന് എന്തു ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. പൊലീസ് സ്റ്റേഷനുകൾ തിരിച്ചറിയാൻ പ്രത്യേക നിറത്തിന്റെ ആവശ്യമുണ്ടോയെന്നും റേഷന്‍ കടയ്ക്കല്ലേ ഇത്തരത്തില്‍ തിരിച്ചറിയാന്‍ പ്രത്യേക നിറത്തിന്റെ ആവശ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. 
Next Article