കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കുമരകത്തെ ഭൂമി ഇടപാടും റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
ഇതിന് ശേഷം മൂന്ന് സ്ഥലങ്ങളില്‍ ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വിശദമായ പഠനം നടത്തി കളക്ടര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. 2008ലാണ് ദിലീപ് കുമരകത്തെ കായലിനോട് ചേര്‍ന്ന ഭൂമി വാങ്ങിയത്. പിന്നീട് ഇതു മറിച്ചുവിറ്റു. ഒരു കമ്പനിയാണ് ഈ ഭൂമി വാങ്ങിയത്. ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ റവന്യൂവകുപ്പ് സര്‍ക്കാര്‍ ഭൂമി അതിരുകെട്ടി തിരിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടെന്നാണ് വിവരം. കായലിനോട് ചേര്‍ന്ന് 55 മീറ്റര്‍ വീതിയില്‍ കിടക്കുന്നതാണ് സര്‍ക്കാര്‍ ഭൂമി. ഇതിന് പിന്നിലാണ് ദിലീപ് മറിച്ചുവിറ്റ സ്ഥലം. സര്‍ക്കാര്‍ ഭൂമിയിലൂടെ മാത്രമേ ദിലീപ് വിറ്റ ഭൂമിയിലേക്ക് വഴിയുള്ളൂ. സര്‍ക്കാര്‍ ഭൂമി മതില് കെട്ടി തിരിച്ചാല്‍ ദിലീപിന്റെ ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ക്ക് അത് പണിയാകും.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കുമരകത്തെ ദിലീപിന്റെ ഭൂമിയുടെ ഉടമസ്ഥര്‍. കായലിനോട് ചേര്‍ന്ന മൂന്ന് സെന്റ് ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ വന്‍ ലാഭം കൊയ്യാമെന്നാണ് അവര്‍ കരുതിയത്. വില്‍പ്പന നടക്കുമ്പോള്‍ ഇത്തരം ഒരു വാഗ്ദാനം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഭൂമി കെട്ടിത്തിരിക്കല്‍ പൂര്‍ത്തിയായാല്‍ പിന്നിലുള്ള സ്ഥലത്തേക്ക് വഴിയില്ലാതെയാകും. അതോടെ ആ ഭൂമി ആരും വാങ്ങില്ല.