നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമുതൽ അദ്ദേഹത്തിനായി വാദിക്കുന്നവരിൽ മുഖ്യധാരയിൽ തന്നെയുണ്ട് പൂഞ്ഞാർ എം എൽ എ പിസി ജോർജ്ജ്. ദിലീപിനായി അത്യന്തം ഗൗരവമായി തന്നെയാണ് ചാനലുകളിലും അല്ലാതേയും അദ്ദേഹം സംസാരിച്ചത്.
ജാമ്യത്തിലിറങ്ങിയ അന്നു മുതൽ ദിലീപ് താനുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് പി സി ജോർജ്ജ് വെളിപ്പെടുത്തുന്നു. ദിലീപ് ശ്രമിച്ചെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ താൻ കൂട്ടാക്കിയില്ലെന്നും ജോർജ് പറയുന്നു. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്റെ മകൻ വന്നു പറഞ്ഞിട്ടും ദിലീപിനെ കാണണമെന്നോ മിണ്ടണമെന്നോ തോന്നിയില്ലെന്നും ജാമ്യം കിട്ടാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും അത് ലഭിച്ചുവെന്ന് മകനോട് പറഞ്ഞുവെന്നും ജോർജ്ജ് പറയുന്നു.
'ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിക്ക് നാദിർ എന്നെ ഫോണിൽ വിളിച്ചു. നാദിർഷായുമായി എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. 'ദിലീപിന് ഉറങ്ങാൻ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ' എന്ന് പറയുന്നുവെന്ന് നാദിർഷാ എന്നോട് പറഞ്ഞു. അങ്ങനെ ദിലീപുമായി സംസാരിച്ചു. വളരെ സന്തോഷമുണ്ടെന്ന് ദുഃഖത്തോടുകൂടിയായിരുന്നു അദ്ദേഹം പറഞ്ഞത്.' - പി സി ജോർജ്ജ് പറയുന്നു.