ഗർഭിണിയായ യുവതിയെയും ഒൻപത് വയസുള്ള മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സുധീഷിന്റെ ഭാര്യയും കിഴക്കഞ്ചേരി സ്വദേശിനിയുമായ അനിത, മകൾ ദിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലു മാസം ഗർഭിണിയായ അനിതയെ തൂങ്ങിമരിച്ച നിലയിലും, തൊട്ടടുത്ത മുറിയിൽ മകൾ ദിയയെ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അച്ഛൻ ജോസ് ജോലിക്ക് പോയതായിരുന്നു, ജോസിന്റെ ഭാര്യ ഫിലോമിന പനി ബാധിച്ച് ആശുപത്രിയിലുമായിരുന്നു.
ജോലിക്ക് പോയ ജോസ് അനിതയെ ഒട്ടേറെ തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ ജോസ് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്താണ് വീടിനകത്ത് കടന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന അനിത പ്രസവത്തിനായാണ് സ്വന്തം വീട്ടിലെത്തിയത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു.